സ്റ്റേഷൻ ഓഫിസർമാരുടെ കുറവ്: നിലമ്പൂർ- കോട്ടയം എക്സ്പ്രസിൻ്റെ സർവിസും വൈകിപ്പിക്കുന്നു.
1 min read
നിലമ്പൂർ: നിലമ്പൂർ- -ഷൊർണൂർ പാതയിലെ സ്റ്റേഷൻ ഓഫിസർമാരുടെ കുറവ് ചൂണ്ടിക്കാണിച്ച് നിലമ്പൂർ- കോട്ടയം എക്സ്പ്രസിൻ്റെ സർവിസും വൈകിപ്പിക്കുന്നു. ആഗസ്റ്റിൽ യാത്രക്ക് അനുമതിയായ സർവിസാണ് ഒരു മാസമായിട്ടും ആരംഭിക്കാത്തത്. ഇന്ന മുതൽ ആരംഭിക്കുന്ന മറ്റു എക്സ്പ്രസുകളുടെ പട്ടികയിലും കോട്ടയം – നിലമ്പൂർ സർവിസ് ഇല്ല. പാതയിലെ സ്റ്റേഷൻ ഓഫിസർമാരുടെ കുറവ് മൂലമാണ് സർവിസ് ആരംഭിക്കാൻ താമസം എന്നാണ് റെയിൽവേ അധികൃതർ പറയുന്നത്.
എന്നാൽ, ഈ പാതയിലെ സ്റ്റേഷൻ ഓഫിസർമാരെ അടുത്തിടെ പള്ളിപ്പുറം ഭാഗത്തേക്ക് മാറ്റുകയാണ് ഉണ്ടായത്. മൂന്ന് സ്റ്റേഷൻ ഓഫിസർമാർ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. ഈ കുറവാണ് ഇപ്പോൾ ചൂണ്ടി കാണിക്കുന്നത്. ഷൊർണൂർ കഴിഞ്ഞ് എറണാകുളം, ഏറ്റുമാനൂർ, കോട്ടയം ഭാഗങ്ങളിലെ സർക്കാർ ജീവനക്കാർക്ക് കോട്ടയം വണ്ടി ഏറെ പ്രയോജനകരമാണ്. ദക്ഷിണ റെയിൽവേക്ക് ഏറ്റവും കൂടുതൽ യാത്രക്കാരുള്ള നിലമ്പൂർ- ഷൊർണൂർ പാതയിൽ ഈ കാര്യം പറഞ്ഞ് ട്രെയിൻ സർവീസ് നിർത്തലാക്കുന്നത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. 67 കിലോ മീറ്ററുള്ള ചരിത്ര പ്രാധാന്യമുള്ള പാതയിൽ പകൽ സമയത്ത് ഇപ്പോൾ ഒരു വണ്ടി പോലുമില്ല. ഒന്നര വർഷമായി പകൽ യാത്ര മുടങ്ങി കിടക്കുകയാണ്. ഏഴു വണ്ടികൾ 14 സർവിസ് നടത്തിയിരുന്ന പാതയിൽ കോവിഡ് നിയന്ത്രണത്തോടെയാണ് തൽക്കാലം സർവിസ് നിർത്തി വെച്ചത്. വാണിയമ്പലം, തൊടിയപ്പുലം, തുവ്വൂർ, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര, കുൽക്കല്ലുർ, വല്ലപ്പുഴ, വാടാനാംകുറിശ്ശി എന്നിങ്ങനെ 10 സബ് സ്റ്റേഷനുകളാണ് പാതയിലുള്ളത്. ഏറെ യാത്രക്കാരാണ് ഈ പാതയെ ആശ്രയിക്കുന്നത്