ബസ്സിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വണ്ടൂർ : ബസ് കാത്തു നിൽക്കുന്നതിനിടെ ബസ്സിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വണ്ടൂർ കാപ്പിച്ചാൽ എലമ്പ്ര ശിവദാസന്റെ മകൻ നിധിൻ(17) ആണ് മരിച്ചത്.
രാവിലെ 8.20 ഓടെ വണ്ടൂർ മണലിമ്മൽ ബസ് സ്റ്റാന്റിലാണ് അതി ദാരുണമായ അപകടമുണ്ടായത്. മമ്പാട് ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ നിധിൻ കൂട്ടുകാരോടൊപ്പം ബസ് കാത്തു നിൽക്കുന്നതിനിടെയാണ് സംഭവം. കാളികാവിൽ നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന കെ പി ബ്രദേഴ്‌സ് എന്ന ബസ് ആണ് നിധിനെ ഇടിച്ചത്. ട്രാക്കിൽ നിൽക്കുകയായിരുന്ന നിധിന്റെ ശരീരത്തിലൂടെ ബസിന്റെ മുൻവശത്തെ ടയറുകൾ കയറിയിറങ്ങി. ബസ് അമിത വേഗതയിലായിരുന്നുവെന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഗുരുതരമായി പരുക്കേറ്റ നിധിനെ സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഉടൻ തന്നെ വണ്ടൂർ നിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിഷയാണ് നിധിന്റെ അമ്മ. ഷിജിൻ, ശിവാനി എന്നിവർ സഹോദരങ്ങളാണ്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.