പള്‍സ് ഓക്‌സിമീറ്റര്‍ ചലഞ്ചുമായി അമരമ്പലം കുടുംബശ്രീ

പൂക്കോട്ടുംപാടം: നിരവധി സേവനപ്രവര്‍ത്തനങ്ങളിലൂടെ മാതൃകയായ അമരമ്പലം കുടുംബശ്രീ പുതിയ ദൗത്യവുമായി രംഗത്ത്. പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ചാണ് ഇപ്രാവശ്യം ഏറ്റെടുത്തിട്ടുള്ളത്.അമരമ്പലം പി എച്ച് സിക്ക് കീഴില്‍ ഓക്‌സി മീറ്റര്‍ ലഭ്യത കുറവാണെന്നറിഞ്ഞതിനെ തുടര്‍ന്നാണ് കടുംബശ്രീ നടത്തിയ ഓണ്‍ ലൈന്‍ യോഗത്തില്‍ സി ഡി എസ് അദ്ധ്യക്ഷ മായ ശശികുമാര്‍ കുടുംബശ്രീ വഴി പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങി നല്കിയാലോ എന്ന് അംഗങ്ങളോട് ആലോചിച്ചത്. അംഗങ്ങള്‍ ഐക്യകണ്‌ഠേന ഇതിനെ പിന്താങ്ങുകയായിരുന്നു. ഓരോവാര്‍ഡില്‍ നിന്നൂം വാങ്ങുന്ന ഓക്‌സി മീറ്റര്‍ അതാത് വാര്‍ഡുകളില്‍ തന്നെയാണ് സൂക്ഷിക്കുക. നിലവില്‍ 150 പള്‍സ് ഓക്‌സിമീറ്റര്‍ ആണ് വാങ്ങുന്നത്. 1400 രൂപവീതമാണ് ഒരു പള്‍സ് ഓക്‌സി മീറ്ററിന്റെ വില. കൂടാതെ ചില എഡി എസുകള്‍ പി പി ഇ കിറ്റും , ഫോഗിങ്ങ് മെഷീനും വാങ്ങി നല്‍കുന്നുണ്ട്. കഴിഞ്ഞ പ്രളയകാലത്ത് രണ്ട് ലക്ഷത്തി അന്‍പത്തി ഏഴായിരം രൂപ അമരമ്പലം കുടുംബ ശ്രീ പിരിച്ച് നല്കിയിരുന്നു.ചുങ്കത്തറ ഗ്രാമപഞ്ചായത്തില്‍ വെള്ളപ്പൊക്കത്തില്‍ ഗൃഹോപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് മൂന്ന് ലക്ഷത്തി എഴുപത്തിയയ്യായിരം രൂപക്കുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങി നല്കിയും അമരമ്പലം കുടുംബശ്രീ മാതൃകയായിരുന്നു.വാര്‍ത്താസമ്മേളനത്തില്‍ കുടുംബ ശ്രീ അദ്ധ്യക്ഷ മായ ശശികുമാര്‍, കെടി സുധ, കെ സാജിത എന്നിവര്‍ പങ്കെടുത്തു.