കൊതുകുകള്‍ വീട് കീഴടക്കി ചന്തക്കുന്നിലെ ഒരു കുടു:ബം ദുരിതത്തില്‍.

നഗരസഭാ അധികൃതരും പ്രാണിജന്യ രോഗ നിയന്ത്രണ വിഭാഗവും വീട് സന്ദര്‍ശിച്ചു. ചന്തക്കുന്ന് വെളിയംതോട് റോഡില്‍ മാര്‍ബിള്‍ ഗ്യാലറിക്ക് സമീപം താമസിക്കുന്ന നരികൂട്ടുമ്മല്‍ കബീറും കുടുംബവുമാണ് വീടിന് പുറത്തിറങ്ങാനാവാതെ കൊതുകു പേടിയില്‍ കഴിയുന്നത്. കബീറിന്റെ വീടിന് പുറകില്‍ സ്വകാര്യ വ്യക്തിയുടെ തണ്ണീര്‍തടം കൃഷി ചെയ്യാതെ വെള്ളം കെട്ടി നില്‍ക്കുകയാണ്. ഇവിടം കൊതുകുകളുടെ ലാര്‍വകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ലാര്‍വകള്‍ വിരിഞ്ഞ് ആയിരകണക്കിന് കൊതുകുകള്‍ ഇന്ന് രാവിലെ മുതല്‍ കബീറിന്റെ വീട്ടുമുറ്റവും പരിസരവും വീടിനകവും കീഴടക്കിയിരിക്കുകയാണ.് ചെറിയ കുട്ടികള്‍ ഉള്‍പ്പടെ താമസിക്കുന്ന വീട്ടില്‍ കൊതുകളുടെ കുത്തേറ്റ് എല്ലാവരുടെ ശരീരങ്ങള്‍ തടിച്ച് കിടക്കുകയാണ്. സമീപവാസിയോട് പല പ്രാവശ്യം കെട്ടികിടക്കുന്ന വെള്ളം നീക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ലെന്ന് കബീര്‍ പറഞ്ഞു. കബീറിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കക്കാടന്‍ റഹീം, പി.എം.ബഷീര്‍ സ്‌കറിയ ക്‌നാതോപ്പില്‍. കൗണ്‍സിലര്‍മാരായ ഇസ്മായില്‍ എരിഞ്ഞിക്കല്‍, ശ്രീജ എന്നിവരും, പ്രാണിജന്യ രോഗനിയന്ത്രണ വിഭാഗത്തിലെ ഫീല്‍ഡ് ഓഫീസര്‍ നാരായണന്‍ എന്നിവര്‍ സന്ദര്‍ശിച്ചു. സ്ഥലം ഉടമക്ക് നോട്ടീസ് നല്‍കി നഗരസഭയിലേക്ക് വിളിപ്പിച്ചിട്ടുണ്ടെന്ന് നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം പറഞ്ഞു. കൊതുകളെ നശിപ്പിക്കുന്ന ഗപ്പികളെ എത്രയും പെട്ടെന്ന് ഈ സ്ഥലത്ത് നിക്ഷേപിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. വീട്ടിനുള്ളിലിരുന്ന് ഒന്ന് ഭക്ഷണം കഴിക്കാന്‍ പോലും ഈ കുടുംബത്തിന് കഴിയാത്ത അവസ്ഥയാണ്. കെമിക്കല്‍ഫോഗിങ് കുടുബാംഗങ്ങള്‍ക്ക് ആരോഗ്യ പ്രശ്‌നത്തിന് പരിഹാരമല്ല. നഗരസഭയുടെ ഇടപ്പെടലിനെ തുടര്‍ന്ന് ഫോഗിങ് നടത്തിയെങ്കിലും കൊതുകുകള്‍ വീടിന് ചുറ്റും വീടിനുള്ളിലും കൂട്ടമായി പറന്ന് നടക്കുകയാണ്.