പോലീസിന് സ്‌നേഹത്തിന്റെ മധുരം നല്‍കി നവദമ്പതികള്‍

ചുങ്കത്തറ: പോലീസിന് സ്‌നേഹത്തിന്റെ മധുരം നിറഞ്ഞ പായസം നല്‍കി നവദമ്പതികള്‍. നാടിന് മാതൃകയായി പോത്തുകല്‍ ശാന്തിഗ്രാമം പടിയറ പുതുപറമ്പില്‍ രാജേന്ദ്രന്‍ ഉഷാകുമാരി ദമ്പതികളുടെ മകനും ബീറ്റ് ഫോറസ്റ്റ് ഓഫീസറുമായ രതീഷും, മലപ്പുറം ഇരുമ്പുഴി പാലം കുന്നത്ത് കൃഷ്ണപ്രസാദ് ശൈലജ ദമ്പതികളുടെ മകളുമായ അശ്വതിയും തമ്മിലുള്ള വിവാഹമായിരുന്നു ഇന്നലെ. വളരെ ലളിതമായ ചടങ്ങുകള്‍ക്ക് ശേഷം, തന്റെ മനസിലെ ആഗ്രഹം രതീഷ് അശ്വതിയുമായി പങ്കുവെച്ചു. ഈ ആശയത്തിന് അശ്വതി നിറഞ്ഞ പിന്തുണ നല്‍കിയതോടെ വധു വരന്‍മാര്‍ രതീഷിന്റെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ കാറില്‍ പോലീസുകാര്‍ക്കുള്ളപായസവും കരുതി. ആര്‍ഭാടപൂര്‍വ്വമുള്ള വിവാഹ സല്‍ക്കാരങ്ങളെക്കാള്‍ സംതൃപ്തി പോലീസ് സേനക്ക് നല്‍കിയ പായസത്തിലൂടെ തങ്ങള്‍ക്ക് ലഭിച്ചു എന്ന് ഈ നവദമ്പതികള്‍ പറയുന്നു. മക്കളുടെ ഏറെ മാതൃകയായ ആഗ്രഹത്തിനൊപ്പം നില്‍ക്കാനായ സന്തോഷത്തിലാണ് ഇരുവരുടെയും മാതാപിതാക്കളും.