ONETV NEWS

NILAMBUR NEWS

ക്ഷീര കര്‍ഷകര്‍ക്ക് കൈതാങ്ങുമായി കരുളായി ക്ഷീരോത്പാദക സംഘം.

കരുളായി : മില്‍മ ക്ഷീരസംഘങ്ങളില്‍ നിന്നും വാങ്ങുന്നപാലിന്റെ 40 ശതമാനം വെട്ടി കുറച്ചതോടെ ഏറെ പ്രതിസന്ധിയിലായ കരുളായിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ കരുളായി ക്ഷീരോല്‍പാദക സഹകരണ സംഘം രംഗത്ത്. സാലറി ചലഞ്ചിലൂടെ പണം സമാഹരിച്ച് കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുകയാണ് സംഘം. ഇങ്ങനെ സംഭരിക്കുന്ന പാലും പാല്‍ ഉല്‍പന്നങ്ങളും ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലും പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലേക്കാണ് നല്‍കുക.
മില്‍മ നിലവില്‍ ഉച്ചക്ക് ശേഷം ക്ഷീരസംഘങ്ങളില്‍ നിന്നും പാല്‍ സംഭരിക്കുന്നില്ല. ഇത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പല കര്‍ഷകരും പാല്‍ നശിപ്പിച്ച് കളയുന്ന സ്ഥിതിയാണ്. ഇതിനൊരു പരിഹാരവും, പ്രതിസന്ധി കാലത്ത് കര്‍ഷകര്‍ക്ക് ഒരു കൈതാങ്ങും എന്ന നിലക്കാണ് കരുളായി ക്ഷീരോല്‍പാദ സഹകരണ സംഘം മുന്നോട്ട് വന്നിട്ടുള്ളത്. സംഘം ജീവനക്കാരും ഭരണ സമിതിയും സാലറി സലഞ്ച് നടത്തി 30,000 തോളം രൂപ സമാഹരിച്ചു. ഈ തുക ഉപയോഗിച്ച് കര്‍ഷകരില്‍ നിന്ന് പാല്‍ സംഭരിക്കുകയാണ് സംഘം. സംഭരിച്ച പാല്‍ ഗ്രാമ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡിലെയും പിന്നോക്കം നില്‍ക്കുന്ന വീടുകളിലെത്തിക്കുകയാണ്.
വാര്‍ഡുകളില്‍ വിതരണത്തിനുള്ള പാലും പാല്‍ ഉല്‍പ്പന്നങ്ങളും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുരേഷ് ബാബുവിന് സംഘം പ്രസിഡന്റ് പി.എം അബ്ദുള്‍ കരീം, സെക്രട്ടറി പി.എസ് അച്ചന്‍ക്കുഞ്ഞ് എന്നിവര്‍ ചേര്‍ന്ന് കൈമാറി. ചടങ്ങില്‍ പഞ്ചായത്ത് അംഗം ജിതിന്‍ , പഞ്ചായത്ത് ആര്‍.ആര്‍.ടി അംഗം കെ. മനോജ് തുടങ്ങിയവര്‍ സംബന്ധിച്ചു. വാര്‍ഡ് അംഗങ്ങള്‍, ആര്‍.ആര്‍.ടി പ്രവര്‍ത്തകര്‍ എന്നിവര്‍ മുഖേനയാണ് പാലും, പാല്‍ ഉല്‍പ്പന്നങ്ങളും വീടുകളിലെത്തിച്ച് സൗജന്യമായി നല്‍കുന്നത്‌.

 

Leave a Reply

Your email address will not be published. Required fields are marked *