നാടുകാണിചുരം വഴിയുള്ള പച്ചക്കറി ഇറക്കുമതിയില്‍ കുറവ്

നിലമ്പൂര്‍:ജില്ലയില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലവില്‍ വന്നതിന് ശേഷം കേരള അതിര്‍ത്തിയായ നാടുകാണി ചുരം വഴിയുള്ള പച്ചക്കറിയുടെ ഇറക്കുമതിയില്‍ ഗണ!്യമായ കുറവ്. ദിനം പ്രതി വലുതും ചെറുതുമായ അഞ്ഞൂറോളം പച്ചക്കറി വാഹനങ്ങളാണ് ട്രിപ്പിള്‍ ലോക് ഡൗണിന് മുമ്പ് ചുരം ഇറങ്ങി ജില്ലയിലെത്തിയിരുന്നത്. ഇത് പകുതിയോളം കുറഞ്ഞതായാണ് വഴിക്കടവ് ആനമറിയിലെ ചെക്ക്‌പോസ്റ്റ് അധികൃതര്‍ പറയുന്നത്.വ്യാഴാഴ്ച 282, വെള്ളിയാഴ്ച 266 ഉം ചരക്ക് വാഹനങ്ങള്‍ മാത്രമാണ് ചുരം ഇറങ്ങിയത്. പച്ചക്കറി വാഹനങ്ങള്‍ കൂടാതെ അരി, മറ്റു പലവ്യജ്ഞനങ്ങള്‍ ഉള്‍പ്പടെയുള്ളവയാണിത്.ഗുണ്ടല്‍പേട്ട്, മൈസൂര്‍, ബംഗളൂരു, ഒട്ടംഛത്രം, ചെഞ്ചേരിമല, മേട്ടുപാളയം, ഊട്ടി, വേലത്താവളം തുടങ്ങിയ മാര്‍ക്കറ്റുകളില്‍ നിന്നുള്ള പച്ചക്കറികളാണ് നാടുകാണി ചുരം വഴി മലപ്പുറം ജില്ലയിലെത്തുന്നത്. ഇതില്‍ കൂടുതലും ഗുണ്ടല്‍പേട്ട് മാര്‍ക്കറ്റില്‍ നിന്നുള്ളതാണ്.ഇവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറികള്‍ സുലഭമായുണ്ടെങ്കിലും ജില്ലയില്‍ ആവശ്യക്കാര്‍ കുറഞ്ഞതാണ് ഇറക്കുമതിയില്‍ കുറവുവരുവാന്‍ കാരണമെന്ന് ജില്ലയിലെ പ്രമുഖ പച്ചക്കറി വ്യാപാരികള്‍ പറയുന്നു. ട്രിപ്പിള്‍ ലോക് ഡൗണ്‍ വന്നതോടെ ഉള്‍നാടുകളിലെ ചെറിയ പച്ചക്കറി വില്‍പ്പന കടകളിലേക്ക് നാമം മാത്രമായ പച്ചക്കറികളാണ് കൊണ്ടുപോവുന്നതെന്ന് ടൗണ്‍ കേന്ദ്രീകരിച്ചുള്ള പച്ചക്കറി മൊത്തവിതരണകാര്‍ പറയുന്നു. യാത്രാനിയന്ത്രണം കര്‍ശനമായതോടെ ടൗണുകളിലെത്തി പച്ചക്കറി വാങ്ങുന്നവരുടെ എണ്ണത്തിലും കുറവ് വന്നു. ചില്ലറ വില്‍പ്പന പകുതിയിലധികമായി കുറവുണ്ടെന്നാണ് കച്ചവടകാര്‍ പറയുന്നത്.കൂടാതെ ലോക് ഡൗണ്‍ കാരണം തെരുവോരത്തെ ചെറിയ പച്ചക്കറി വില്‍പ്പന സ്റ്റാളുകളും അടച്ചിട്ടതോടെ വില്‍പ്പന കുറഞ്ഞു. റോഡരികുകളിലായി കൂണുപോലെയാണ് പച്ചക്കറികടകള്‍ ഉണ്ടായിരുന്നത്. ഇവരില്‍ കുറച്ചുപേര്‍ മാത്രമാണ് ഇതരസംസ്ഥാനതെത്തി നേരിട്ട് പച്ചക്കറി വാങ്ങുന്നവര്‍. മറ്റുള്ളവര്‍ ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ നിന്നാണ് വാങ്ങാറുള്ളത്. ജില്ലയിലെ മൊത്തവിതരണ കേന്ദ്രങ്ങളില്‍ പച്ചക്കറികള്‍ കെട്ടികിടക്കുന്ന അവസ്ഥയാണുള്ളത്. എളുപ്പം കേടുവരുന്ന വെള്ളരിവര്‍ഗ്ഗ പച്ചക്കറികളുടെ ഇറക്കുമതി കച്ചവടക്കാര്‍ കുറച്ചിരിക്കുകയാണ്.