ബസ്സില്‍ തന്നെ രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മാതൃകയായി ലൈബ ബസ്സിലെ ജീവനക്കാരായ മജീദും അന്‍സാറും

നിലമ്പൂർ:യാത്രക്ക് ഇടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രോഗിയെ സ്വകാര്യ ബസ്സ് ജീവനക്കാർ ബസ്സിൽ ആശുപത്രിയിലെത്തിച്ചു. നിലമ്പൂരിൽ നിന്നും വഴിക്കടവിലേക്ക് പോകുകയായിരുന്ന ലൈബ ബസ്സിലെ ജീവനക്കാരായ മജീദും അൻസാറുമാണ് യാത്രക്ക് ഇടയിൽ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട രോഗിയെ ബസ്സിൽ തന്നെ നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
എടവണ്ണയിൽ നിന്നും മുട്ടിക്കടവിലേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരൻ നിലമ്പൂരിൽ എത്തിയപ്പോൾ മുട്ടിക്കടവ് ആയോ എന്ന് തിരക്കി ഇല്ലെന്ന് പറഞ്ഞു, ഉടൻ ഇയാൾ ബസിൽ കുഴഞ്ഞ് വീണു. പിന്നെ ഒന്നും ആലോചിച്ചില്ലെന്നും ബസ് ജില്ലാ ആശുപത്രിയിലേക്ക് വിട്ടു, യാത്രക്കാരന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇവർ പറഞ്ഞു.തിരക്കേറിയ ആശുപത്രി റോഡിലൂടെ പതിവില്ലാതെ ലൈറ്റിട്ട് വേഗതയിൽ ബസ്സ് പാഞ്ഞു വന്നപ്പോൾ നാട്ടുകാർ ആശ്ചര്യപ്പെട്ടു. ബസ് നേരെ ജില്ലാ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നിർത്തി. ബസ്സിലെ യാത്രക്കാർക്ക് അപകടം സംഭവിച്ചതാവാമെന്ന് കരുതി ആളുകൾ ബസ്സിന് ചുറ്റും തിങ്ങികൂടി. അതിനിടയിൽ ബസ്സിൽ നിന്ന് ജീവനക്കാർ ഒരാളെ താങ്ങി പിടിച്ചു മുൻഡോറിലൂടെ പുറത്തേക്ക് ഇറക്കി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അന്വേഷിച്ചപ്പോൾ യാത്രക്കാരന് ബസ്സിൽ കുഴഞ്ഞുവീണതാണെന്നും ജീവൻ രക്ഷിക്കാൻ ബസ്സിൽ തന്നെ ആശുപത്രിയിലേക്ക് കൊണ്ട് വരികയായിയുന്നുവെന്നും ജീവനക്കാർ അറിയിച്ചു. സ്വകാര്യ ബസ്സുകാർക്ക് പൊതുവെ സമയം കുറവാണ് പ്രത്യേകിച്ച് മഞ്ചേരി വഴിക്കടവ് റൂട്ടിൽ. ഇതിനിടയിൽ ഒരു ജീവൻ രക്ഷിക്കാൻ വേണ്ടി ഈ ബസ് ജീവനക്കാർ ചെയ്ത ഈ നന്മയെ കാണാതിരിക്കാനാവില്ല.