പൂജയുടെ മറവില്‍ തട്ടിപ്പ്
1 min read
- ഒളിവിലായിരുന്ന പ്രതി 9 മാസത്തിനു ശേഷം നിലമ്പൂരില്‍ പിടിയിലായി.
നിലമ്പൂര്‍: പ്രത്യേക പൂജ നടത്തി സ്വര്‍ണ നിധി എടുത്തു നല്‍കാമെന്നും ചൊവ്വാ ദോഷം മാറ്റി നല്‍കാമെന്നും പറഞ്ഞു പത്ര പരസ്യം നല്‍കിയും ആളുകളെ വലയില്‍ വീഴ്ത്തി ലക്ഷങ്ങളുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു മുങ്ങിയ വയനാട്, ലക്കിടി അറമല സ്വദേശിയും രമേശന് നമ്പൂതിരി, രമേശന് സ്വാമി, സണ്ണി എന്നീ വിവിധ പേരുകളില്‍ അറിയപ്പെടുന്ന കൂപ്ലിക്കാട്ടില്‍ രമേശിനെയാണ് വ്യാഴായ്ച്ച പുലര്‍ച്ചെ കൊല്ലം പുനലൂര്‍-കുന്നിക്കോടുള്ള വാടക വീട്ടില്‍ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി സുജിത്ദാസ് ഐ പി എസ് ന്റെ നിര്‍ദേശപ്രകാരം നിലമ്പൂര്‍ ഡി.വൈ.എസ്.പി. സാജു കെ എബ്രഹാമിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്.ബിനു പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ. എം.അസ്സൈനാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മുഹമ്മദാലി, സഞ്ചു, സിപിഓമാരായ അഭിലാഷ് കൈപ്പിനി, ആസിഫ് അലി, ടി. നിബിന്‍ദാസ്, ജിയോ ജേക്കബ്, എം.കൃഷ്ണദാസ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
വണ്ടൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്നും 2017 ഓഗസ്റ്റ് 16 മുതല്‍ വിവിധ ദിവസങ്ങളിലായി പ്രതി നല്കിയ അക്കൗണ്ടിലൂടെ ഒരു ലക്ഷത്തി പതിനായിരം രൂപ ജാതകത്തിലെ ചൊവ്വാദ്ദേശം പ്രത്യേക പൂജ നടത്തി മാറ്റി വിവാഹം നടത്തി കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും പണം കൈപറ്റുകയും ചെയതു.
എന്നാല്‍ വിവാഹം ശരിയാക്കാതെയും പണം തിരിച്ചു നല്‍കാതെയും ചതി ചെയ്തു എന്ന കാര്യത്തിന് നിലമ്പൂര്‍ പോലീസ് കഴിഞ്ഞ ജനുവരി മാസം 26 ന് രജിസ്റ്റര്‍ ചെയ്ത കേസ്സിലാണ് മാസങ്ങള്‍ക്ക് ശേഷം പ്രതിയെ അറസ്റ്റ് ചെയ്തത്. വയനാട് ജില്ലയില്‍ പ്രതി സമാനമായ നിരവധി തട്ടിപ്പുകള്‍ നടത്തിയതായി വ്യക്തമായിട്ടുണ്ട്. കോഴിക്കോട് നിന്നും ഭര്‍ത്താവും 2 കുട്ടികളുമുള്ള യുവതിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന് കുടുംബത്തെ ഉപേക്ഷിച്ച് യുവതി പ്രതിയുമൊന്നിച്ച് കല്‍പ്പറ്റ മണിയന്‍കോട് ക്ഷേത്രത്തിന് സമീപം പൂജ നടത്തി തട്ടിപ്പു നടത്തി ജീവിച്ചു വരവെ വീണ്ടും അവര്‍ക്കു 2 പെണ്‍കുട്ടികളായ ശേഷം രണ്ടു വര്‍ഷം മുമ്പ് അവരെയും വിട്ട് ഭര്‍ത്താവും 2 കുട്ടികളുമുള്ള വയനാട് കോറോമിലെ മറ്റൊരു യുവതിയുമായി പ്രണയത്തിലായി മുങ്ങി കൊല്ലം പുനലൂരില്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു പിടിയിലാകുമ്പോള്‍ പ്രതി.
വയനാട് മണിയങ്കോട് സ്വദേശിനിയായ വീട്ടമ്മയുടെ പറമ്പില്‍ നിധിയുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പുറത്തെടുക്കാനും പൂജ നടത്താനുമുള്ള ചിലവിലേക്ക് എന്ന് പറഞ്ഞ് 5 പവന്റെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്തതായും, സമാന രീതിയില്‍ മീനങ്ങാടി സ്വദേശിനിയായ യുവതിയില്‍ നിന്നും 8 പവന്റെ സ്വര്‍ണ്ണാഭരണം തട്ടിയെടുത്തതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മണിയങ്കോട് സ്വദേശി സന്തോഷ് എന്നയാളില്‍ സമാന രീതിയില്‍ തട്ടിപ്പു നടത്തി ഒരു ലക്ഷം രൂപ കൈപ്പറ്റുകയും നിധി കുഴിച്ചെടുക്കാനെന്ന പേരില്‍ വീടിനു ചുറ്റും ആഴത്തില്‍ കുഴികളെടുത്ത് വീടും പരിസരവും വാസയോഗ്യമല്ലാതാക്കുകയും ചെയ്തു. പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.