ബാലൻ എന്ന 22 കാരൻ ഇനി വീൽ ചെയറിൽ സഞ്ചരിക്കും.
1 min readനിലമ്പൂർ: ജന്മനാ ചലനശേഷി നഷ്ടപെട്ട ബാലൻ എന്ന 22 കാരൻ ഇനി വീൽ ചെയറിൽ സഞ്ചരിക്കും.ജനമൈത്രി എക്സൈസ് സ്ക്വാഡാണ് ഗോത്ര വർഗ്ഗ ഊരിലെത്തി ബാലന് വീൽ ചെയർ സമ്മാനിച്ചത്.
അസുഖബാധിതനായി കാട്ടിലെ കുടിലിൽ ദുരിത ജീവിതം നയിക്കുന്ന ബാലൻ്റെ നേർ ചിത്രം കണ്ടാണ് കാരുണ്യവുമായി എക്സൈസ് സംഘം കാട് കയറിയത്. മുമ്പ് ജനമൈത്രി എക്സൈസ് സംഘം കോളനി സന്ദർശിച്ചിരുന്നു.വീൽചെയർ സംഘടിപ്പിച്ചു തരുവാനാകുമോ എന്ന ബാലൻ്റെ ആർദ്രമായ വാക്കുകൾ നെഞ്ചേറ്റിയാണ് അന്ന് സംഘം കാടിറങ്ങിയത്.പിന്നീട് വേൾഡ് വിഷൻ എന്ന സന്നദ്ധ സംഘടനയുമായി എക്സൈസ് അധികൃതർ ബന്ധപെട്ടതോടെയാണ് ബാലന് ജൻമസാഫല്യമായി വീൽചെയർ ഒരുങ്ങിയത്.
സംഘം ലഹരി വിരുദ്ധ സന്ദേശം,ആരോഗ്യ സംരക്ഷണം എന്നിവയെ സംബന്ധിച്ച് ബോധവൽക്കരണം നടത്തി. ഊരുമൂപ്പൻ കുള്ളൻ ചാത്തൻ തങ്ങളുടെ ആവശ്യങ്ങൾ ഓരോന്നായി അധികാരികൾക്കു മുന്നിൽ അവതരിപ്പിച്ചു. പ്രിവന്റീവ് ഓഫീസർ മാരായ എൻ.പി.ജയപ്രകാശ്, കെ.പ്രദീപ്, സിവിൽ എക്സൈസ് ഓഫീസർമാരായ സികെ റംഷുദ്ദിൻ സികെ ,എക്സൈസ് ഡ്രൈവർ മഹ്മൂദ്, എസ്.റ്റി. പ്രൊമോട്ടർ ശ്രീജ എന്നിവരടങ്ങിയ സംഘമാണ് ബാലന് തുണയായത്.