പരാതികളുടെ കെട്ടഴിച്ച് ചോലനായിക്കര്‍.

കരുളായി : സംസ്ഥാന ഭക്ഷ്യ കമ്മീഷന് മുമ്പില്‍ പരാതികളുടെ കെട്ടഴിച്ച് ചോലനായിക്കര്‍. ആഴ്ചയില്‍ കിട്ടുന്ന അരിയും സാധനങ്ങളും തികയുന്നില്ലെന്നും കൂടുതല്‍ കുടുംബങ്ങള്‍ റേഷന്‍കാര്‍ഡില്ലെന്നതടക്കമുള്ള നിരവധി പരാതികളാണ് ആദിവാസികള്‍ കമ്മീഷന് മുമ്പില്‍ അവതരിപ്പിച്ചത്. സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ചെയര്‍മാൻ കെ.വി മോഹന്‍കുമാറിന്റെയും അംഗങ്ങളുടെയും മുമ്പിലാണ് ഇവര്‍ ആവശ്യങ്ങളുടെ പട്ടിക നിരത്തിയത്.
ഭക്ഷണം, പോഷകാഹാരം, ആരോഗ്യം എന്നിവക്കയായി വിവിധ വകുപ്പുകളിലൂടെ നടപ്പാക്കുന്ന ഭക്ഷ്യ ഭദ്രത പരിപാടികള്‍ ഗോത്ര മേഖലകളില്‍ ഏത്രതോളം കാര്യക്ഷമമായി നടപ്പാക്കുനന്നുണ്ടെന്ന് അറിയാനും പരിഹാരം കാണുന്നതിനുമാണ് കരുളായി ഉള്‍വനത്തിലെ ചോലനായിക്കരായ ഗുഹാവാസികള്‍ അധിവസിക്കുന്ന മാഞ്ചീരി കോളനിയിലെത്തിയത്. ഈ സമയത്താണ് നിലവില്‍ ഐ.റ്റി.ഡി.പി മുഖേന ആഴ്ചയില്‍ നല്‍കുന്ന റേഷൻ തികയുന്നില്ലെന്ന് കോളനി നിവാസികൾ പരാതിപ്പെട്ടത്. 60തോളം’ കുടുംബങ്ങളാണ് ഇവിടെയുള്ളത് ഇതില്‍ 36 പേര്‍ക്ക് മാത്രമാണ് റേഷന്‍ കാര്‍ഡുള്ളത്. ഇതാണ് ഇവര്‍ക്ക് നല്‍കുന്ന അരി തികയാത്തതിന്റെ കാരണമെന്ന് ബോധ്യമായ കമ്മീഷന്‍ അടിയന്തിരമായി ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് അനുവദിക്കാന്‍ അഡിഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനും, ജില്ലാ സപ്ലൈ ഓഫീസര്‍ക്കും നിര്‍ദ്ദേശം നല്‍കി.ആധാര്‍ ഇല്ലാത്തതാണ് കാര്‍ഡ് നല്‍കാന്‍ പ്രയാസമായുള്ളതെന്നതിനാല്‍ ഉടന്‍ തന്നെ ഇതിനായി ക്യാംപ് വെച്ച് ആധാര്‍ നല്‍കി റേഷന്‍ കാര്‍ഡ് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ചില ദിവസങ്ങളില്‍ ലഭിക്കുന്ന മട്ട അരി കഴിക്കാന്‍ ബുദ്ധിമുട്ടാണെന്നും വെള്ള അരി നല്‍കണമെന്നും കോളനിക്കാര്‍ ആവശ്യപ്പെട്ടു ഇതിനും പരിഹാരം കാണാന്‍ നിര്‍ദ്ദേശം നല്‍കി.
കോളനിയില്‍ അങ്കണവാടിയില്ലെന്നും, ഐ.സി.ഡി.എസ്സിന്റെ സേവനം ശരിയായ രീതിയില്‍ ലഭ്യമല്ലെന്നും സന്ദര്‍ശനത്തില്‍ ബോധ്യമായതായും, അത് ഗൗരവമായി കാണുമെന്നും, ജില്ലാ പ്രൊഗ്രാം ഓഫീസര്‍, സി.ഡി.പി.ഒ എന്നിവരോട് ഇതുമായി ബന്ധപ്പെട്ട് വിശദീകരണം തേടുമെന്നും കമ്മീഷന്‍ ചെയര്‍മാന്‍ കെ.വി മോഹന്‍കുമാര്‍ പറഞ്ഞു.15ഓളം കുട്ടികള്‍ പ്രൈമറി തലത്തില്‍ പഠിക്കുന്നുണ്ടെന്നും ഇവര്‍ക്കായി മാഞ്ചീരിയില്‍ ഒരു ഏകാധ്യാപക വിദ്യാലയം ആരംഭിക്കാന്‍ പറ്റുമോയെന്നുള്ള കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ബദല്‍ സ്‌കൂളുകളുടെ എണ്ണം കുറക്കുകയാണെങ്കിലും ഇത്തരം മേഖലകളില്‍ ഏകാധ്യാപക വിദ്യാലയം അനിവാര്യമാണെന്ന് ബോധ്യപ്പെടുത്തുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
ഭക്ഷ്യ കമ്മീഷന്‍ അംഗങ്ങളായ വി. രമേഷ്, അഡ്വ. പി. വസന്തം, എം.വിജയ ലക്ഷ്മി, എ.ഡി.എം മെഹറലി, കരുളായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ അഞ്ചേരിയന്‍, തഹസില്‍ദാര്‍ രഘുനാഥ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബഷീര്‍, പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ മുരളി, വാര്‍ഡ് മെമ്പര്‍ ഇ.കെ അബ്ദുറഹിമാന്‍, എ.ഇ.ഒ മോഹന്‍ദാസ്, കരുളായി വനം റെയ്‌ഞ്ചോഫീസര്‍ എം.എന്‍ നജ്മല്‍ അമീന്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ ജിതിന്‍, കെ. ഷറഫുദ്ദീന്‍ തുടങ്ങി വിവിധ വകുപ്പിലെ ഉദ്ദ്യോഗസ്ഥര്‍ സംബന്ധിച്ചു. ചടങ്ങില്‍ വസ്ത്രങ്ങളും വിതരണം ചെയ്തു.