കാട്ടാനകൾ കൃഷി നശിപ്പിച്ചു
1 min read
മമ്പാട്: മമ്പാട് ടാണയിൽ ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന നെടുഞ്ചേരി സീതിയുടെ വീട്ടുവളപ്പിൽ ചൊവ്വാഴ്ച്ച രാത്രി രണ്ട് കാട്ടാനകൾ മതിൽ പൊളിച്ചു കയറി വാഴകളും തെങ്ങുകളും വ്യാപകമായി നശിപ്പിച്ചു.
ആനകൾ വാഴ നശിപ്പിക്കുന്ന ശബ്ദം കേട്ടാണ് സീതി ഉണർന്നത്. രണ്ടു കാലിനും സുഖമില്ലാത്ത സീതിക്ക് യാതൊന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയായിരുന്നു. വീട്ടിലുള്ളത് 10-ഉം 12-ഉം വയസ്സായ പേരക്കുട്ടികളാണ്. ഇവർ ഭീതിയോടെ വീട്ടിൽ ഇരിക്കുകയായിരുന്നു. ഒടുവിൽ അയൽവാസികൾ ഒച്ചവെച്ചതിനെ തുടർന്നാണ് മണിക്കൂറുകൾക്കു ശേഷം ആനകൾപിന്തിരിഞ്ഞത്.തുടർന്ന് തൊട്ടടുത്ത അയൽവാസിയായ പുളിയക്കോടൻ ആമിനയുടെ വാഴകളും നശിപ്പിച്ചു.ആദ്യകാല ങ്ങളിൽ കാട്ടാനകൾ ഇവിടെ കൃഷി നശിപ്പിച്ചിട്ടുണ്ടെങ്കിലും കുറച്ചു കാലമായി ഇവിടേക്ക് ആനയുടെ ശല്യം ഇല്ലായിരുന്നു. വാഴ ചവിട്ടി പൊളിച്ച് ഉള്ളിലെ കാമ്പ് തിന്നിട്ടാണ് ആനകൾ പോയത്. അതു കൊണ്ടു തന്നെ തുടർ ദിവസങ്ങളിൽ ആന ഈ വഴിക്ക് തന്നെ വരുമെന്ന ഭീതിയിലാണ് സീതിയും കുടുംബവും. സ്ഥലത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തകനായ കാവാട്ട് റസാഖ് സ്ഥലം സന്ദർശിച്ചു.വാർഡ് മെമ്പർ ശ്രീനിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട അധികാരികളെ വിവരം അറിയിക്കുമെന്നും ഇവർ പറഞ്ഞിട്ടുണ്ട്. ആളുകൾ തിങ്ങിപാർക്കുന്ന ഭാഗമാണിത്.തൊട്ടടുത്ത് പുഴയുമാണ്. ഈ ഭാഗത്ത് ഫെൻസിംഗ് വേലിയോ മറ്റു സംരഷണ മാർഗങ്ങളോ ഇല്ലാത്തതിനാൽ നാട്ടുകാർ ഭീതിയിലാണ്.