കാത്തിരിപ്പിന് വിരാമമായി,വിദ്യാർത്ഥികൾ അക്ഷരമുറ്റത്തേക്ക്

നിലമ്പൂർ: കോവിഡ് വ്യാപനത്തെ തുടർന്ന് വീട് ക്ലാസ് മുറിയിയാക്കി മാറ്റേണ്ടി വന്ന വിദ്യാർത്ഥികളാണ് ആവേശതോടെ സ്കൂൾ ബാഗുകൾ തോളിലിട്ട് തങ്ങളുടെ അക്ഷരമുറ്റത്തേക്ക് എത്തിയത്. നിലമ്പൂർ ഉപജില്ലയിലെ സ്കൂളുകളിൽ വൻ ഒരുക്കങ്ങളോടെയാണ് കുട്ടികളെ വരവേറ്റത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാതലത്തിൽ കർഷനമായ മുൻകരുതലുകളോടെയാണ് കുട്ടികളെ വരവേറ്റത്. പി.ടി.എ കമ്മറ്റി അംഗങ്ങളും, അധ്യാപകരും, എസ്.എം.സി, എം.ടി.എ കമ്മറ്റികളും ചേർന്നാണ് കുട്ടികളെ വരവേറ്റത്. പ്രവേശനോത്സവത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന ഒരുക്കങ്ങളാണ് ഉണ്ടായിരുന്നത്.
187 കുട്ടികൾ പഠിക്കുന്നതും, സർക്കാർ സ്കൂൾ ആയിട്ടും സർക്കാർ ആനുകൂല്യം ലഭിക്കാത്ത മുക്കട്ട ഗവ.എൽ.പി സ്കൂളിലെ കുട്ടികളെ സ്വീകരിക്കാൻ വലിയ ഒരുക്കങ്ങളാണ് നടത്തിയിരുന്നത്. തങ്ങൾക്കും മറ്റ് സർക്കാർ സ്കൂളുകളിലുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് കുട്ടികൾ പറഞ്ഞു.
നിലമ്പൂർ ഗവ: മാനവേദൻ സ്കൂൾ, നിലമ്പൂർ ഗവ: മോഡൽ യു പി.സ്കൂൾ, ചന്തക്കുന്ന് ഗവ: എൽ പി.സ്കൂൾ, കരിമ്പുഴ എൽ.പി.സ്കൂൾ. എരഞ്ഞിമങ്ങാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ, എരഞ്ഞി മങ്ങാട് ഗവ:യു .പി സ്കൂൾ, ഇടിവണ്ണ സെൻറ് തോമസ് യു.പി.സ്കൂൾ, കരുളായി പുളളി ഗവ: സ്കൂളിൽ ഉൾപ്പെടെ ഉപജില്ലയിലെ മുഴുവൻ സ്കൂളുകളിലും ആവേശ ചുവടുകളോടെ വിദ്യാർത്ഥികൾ എത്തി. കുട്ടികളുടെ സുരക്ഷ മുൻനിറുത്തി തെർമ്മൽസ്കാനറുകൾ, സാനിറ്റസർ, ഹാൻവാഷിനുള്ള സോപ്പ് ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.