കാട്ടാനകൾ വീണ്ടും വീട്ടുമുറ്റങ്ങളിലേക്ക്, പെരുവമ്പാടം നിവാസികൾ ആശങ്കയിൽ

ചാലിയാർ: ചാലിയാർ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളിലൊന്നായ പെരുവമ്പാടത്താണ് കാട്ടാനകൾ പ്രദ്ദേശവാസികളുടെ ഉറക്കം കെടുത്തുന്നത്. പുലർച്ചെ രണ്ടു മണിയോടെ പെരുവമ്പാടം വെട്ടിക്കുഴിയിൽ തങ്കച്ചന്റെ കൃഷിയിടത്തിലാണ് കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചത് .
വാഴ, കപ്പ എന്നിവ കൂടാതെ കൃഷിയിടത്തിലുണ്ടായിരുന്ന മറ്റ് കൃഷികളും നശിപ്പിച്ചു. വീട്ടുമുറ്റതോട് ചേർന്നാണ് കൃഷിയുള്ളത്. തങ്കച്ചന്റെ കൃഷിയിടത്തിലെ 200 ഓളം റബർ തൈകളും, 15 സെൻറ് സ്ഥലത്തെ കപ്പയും ഏതാനം മാസങ്ങൾക്ക് മുൻപ് നശിപ്പിച്ചിരുന്നു. ആന പേടിമൂലം പെരുവമ്പാടം നിവാസികൾക്ക് താമസിക്കാനും, കൃഷി ചെയ്യാനും കഴിയാത്ത അവസ്ഥയാണെന്ന് തങ്കച്ചൻ പറയുന്നു.
കഴിഞ്ഞ രണ്ടു വർഷമായിട്ടാണ് കാട്ടാന ശല്യം അതിരൂക്ഷമായിരിക്കുന്നത്. 100 ഓളം മലയോര കർഷകരും, 100 ഓളം ആദിവാസി കുടുംബങ്ങളും താമസിക്കുന്നപ്രദ്ദേശമാണ് പെരുമ്പാടം മേഖല. വനം വകുപ്പ് അധികൃതർ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷക കുടുംബങ്ങൾ കൃഷി ഉപേക്ഷിക്കേണ്ടി വരും.