നിലമ്പൂര്‍ നഗരസഭയുടെ കുടിവെള്ള പദ്ധതി ജലാമൃതം ഉദ്ഘാടനം ചെയ്തു
1 min read
നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ എല്ലാവര്ക്കും കുടിവെള്ളം ലഭ്യമാക്കുന്ന ജലാമൃതം പദ്ധതി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
30 ലക്ഷം രൂപ ചെലവു വരുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ പൊതുവിഭാഗത്തിലെ 600 പേരും എസ്.സി, എസ്.ടി. വിഭാഗത്തിലെ 88 പേരുമാണ് പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ളത്. വാട്ടര്‍ അതോറിറ്റിയില്‍ നിന്ന് ഒരു വെള്ള കണക്ഷന് ലഭിക്കാന്‍ 11,000 രൂപയോളമാണ് ചെലവു വരുന്നത്. ഇതില്‍ 5000 രൂപ നഗരസഭ സബ്സിഡി നല്‍കും. നിലവില്‍ 4050 കണക്ഷന് മാത്രമാണ് നഗരസഭാ പരിധിയിലുള്ളത്. ഡിസംബര്‍ 31-നുള്ളില്‍ വീടുകളില്‍ വെള്ള കണക്ഷന് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തനം നടത്തുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം വാട്ടര്‍ അതോറിറ്റി കരാറുകാരുടേയും ജീവനക്കാരുടേയും യോഗം നഗരസഭയില്‍ ചേര്‍ന്നിരുന്നു. കണക്ഷന് നല്കല് പൂര്‍ത്തിയാകുന്നതോടെ നഗരസഭയിലെ ജല സംഭരണശേഷി ഉയര്‍ത്തേണ്ടിവരും. ഇത് മുന്നില്‍ കണ്ട് കഴിഞ്ഞ ദിവസം നഗരസഭാ അധികൃതര്‍ വകുപ്പു മന്ത്രിയെ കണ്ട് നിവേദനം നല്‍കിയിരുന്നു.
നഗരസഭാധ്യക്ഷന്‍ മാട്ടുമ്മല്‍ സലീം അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ കക്കാടന്‍ റഹീം പദ്ധതി വിശദീകരിച്ചു.
സ്ഥിരംസമിതി അധ്യക്ഷന്മാരായ പി.എം. ബഷീര്‍, സ്കറിയ ക്നാംതോപ്പില്‍, സൈജിമോള്‍, നഗരസഭാംഗം പി. ഗോപാലകൃഷ്ണന്, സ്വപ്ന, സെക്രട്ടറി ജി. ബിനുജി തുടങ്ങിയവര്‍ സംസാരിച്ചു.