നിലമ്പൂര്‍ നഗരസഭയിലെ കൈയേറ്റങ്ങള്‍ പൂര്‍ണ്ണമായും ഒഴിപ്പിക്കും; നഗരസഭാ ചെയര്‍മാന്‍ മാട്ടുമ്മല്‍ സലീം

നിലമ്പൂര്‍ : കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമാണ്, ഇത് പ്രതിബന്ധതയോടെ നടപ്പിലാക്കും. മഴക്കാലത്തിന് മുന്നോടിയായി വെളിയംതോട് മുതല്‍ ജ്യോതിപ്പടി വരെയുള്ള ഭാഗത്തെ 4 തോടുകളും പുനരു:ജീവിപ്പിക്കും, കൈയേറ്റങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി മുന്‍പ് തോടുകള്‍ ഒഴുകിയിരുന്ന അതെ വീതിയില്‍ ഒഴുക്കും. വെളിയംതോട് ഇത് പൂര്‍ത്തിയാക്കി. ജനതപ്പടിയിലും കൈയേറ്റമുണ്ട്. സ്ഥലം ഉടമകള്‍ക്ക് നോട്ടീസ് നല്‍കുകയും, റവന്യൂ വകുപ്പിന്റെ സഹായതോടെ സര്‍വേ നടപടികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. വെളിയംതോട് മുതല്‍ നിലമ്പൂര്‍ ടൗണ്‍ വരെയുള്ള ഭാഗങ്ങളില്‍ കെട്ടിട നിര്‍മ്മാണ ചട്ടം പാലിക്കാതെ നിര്‍മ്മിച്ചിട്ടുള്ള മുഴുവന്‍ കെട്ടിടങ്ങള്‍ക്കെതിരെയും നടപടി ഉണ്ടാക്കും. എല്‍.ഡി.എഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി കയ്യേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടു പോകും. നിലവില്‍ കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. രണ്ടാമതായി പരിഗണിക്കുന്നതും നടപടി സ്വീകരിക്കാന്‍ പോകുന്നതും കയ്യേറ്റക്കാര്‍ക്കെതിരെയാകുമെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. നിലമ്പൂര്‍ നഗരസഭയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ചെയര്‍മാന്‍ നിലപാട് വ്യക്തമാക്കിയത്. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ അരുമ ജയകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ പി.എം.ബഷീര്‍, കക്കാടന്‍ റഹിം, സ്‌കറിയ ക്‌നാ തോപ്പില്‍ എന്നിവരും പങ്കെടുത്തു.