അക്രമകാരിയായ നായ ഒടുവിൽ എമർജൻസി റെസ്ക്യു ഫോഴ്സിൻ്റെ പിടിയിൽ

നിലമ്പൂർ: ചന്തക്കുന്ന് മുക്കട്ടയിൽ ആണ് ബുധനാഴ്ച വഴിയാത്രക്കാരിയായ സ്ത്രീയെ തെരുവുനായ ആക്രമിച്ചത്. ആക്രമണത്തിൽ സ്ത്രീയ്ക്ക് സാരമായി പരിക്കേറ്റു. കൂടാതെ ഈ നായ മറ്റ് മൂന്ന് ആളുകളേയും രണ്ട് തെരുവു നായകളേയും ആക്രമിച്ചതായും പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും നാട്ടുകാർ അറിയിച്ചു.
നിലമ്പൂർ നഗരസഭ സെക്രട്ടറി ബിനുജി ആവശ്യപ്പെട്ട പ്രകാരം ബുധനാഴ്ച രാത്രി 10 മണിയോടെ എമർജൻസി റെസ്ക്യു ഫോഴ്സ് എത്തി നിലമ്പൂർ റെയിൽവെ സ്റ്റേഷനു സമീപത്തു നിന്ന് നായയെ പിടികൂടി. പിന്നീട് ഫോറസ്റ്റ് റാപ്പിസ് റെസ്പോൺസ് ടീമിന്റെ കൈവശമുള്ള ഇരുമ്പു കൂട് കൊണ്ടുവന്ന് നായയെ അതിലാക്കി നിലമ്പൂർ വെളിയംതോടുള്ള മൃഗാശുപത്രിയിലേക്ക് മാറ്റി. വെറ്റിനറി സർജൻ ഡോ. ഷൗക്കത്തലി രാത്രി തന്നെ നായയുടെ മുറിവുകളിൽ പ്രാഥമിക ചികിത്സ നൽകി. പേ വിഷബാധയുണ്ടോ എന്നറിയാൻ നായയെ പത്തു ദിവസത്തേക്ക് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ വെച്ചു.