കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം രൂപ അനുവദിച്ച് നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത്.

നിലമ്പൂര്‍:കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് അടിയന്തരമായി 10 ലക്ഷം രൂപ അനുവദിച്ചു.
കോവിഡ് വ്യാപനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ബ്ലോക്ക്പഞ്ചായത്തില്‍ ചേര്‍ന്ന കോവിഡ് പ്രതിരോധ അവലോകന യോഗത്തിലാണ് തുക അനുവദിച്ചതായി പ്രസിഡന്റ് പി. പുഷ്പവല്ലി പ്രഖ്യാപിച്ചത്. കണ്ടെയ്ന്മെന്റ് സോണില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും എല്ലാ പഞ്ചായത്ത് വാര്‍ഡുകളിലും ആര്.ആര്.ടി. ഗ്രൂപ്പ് സജീവമാക്കുന്നതിനും പഞ്ചായത്തുകള്‍ അത്യാവിശ്യത്തിന് പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുവാനും ബ്ലോക്ക് കണ്ട്രോള് സെല്‍ സജ്ജമാകുന്നതിനായി ജെ.എച്ച്.ഐ., പോലീസ്, കൂടാതെ 70 അധ്യാപകരെ നിയമിക്കാനും തീരുമാനമായി. പഞ്ചായത്തുതല ഡി.സി.സി. സെന്ററില്‍ ഹോമിയോ, ആയുര്‍വേദ ഡോക്ടര്‍മാരെ നിയമിക്കും. പട്ടികവര്‍ഗ കോളനികളില്‍ ഐ.റ്റി.ഡി.പി. ഉദ്യോഗസ്ഥര്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല എന്നുള്ള പരാതിയെ തുടര്‍ന്ന് കര്‍ശന നിര്‍ദേശം നല്‍കും. യോഗത്തില്‍ ബ്ലോക്ക് പ്രസിഡന്റ് പി. പുഷ്പവല്ലി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വത്സമ്മ സെബാസ്റ്റ്യന്‍, തങ്കമ്മ, ഉസ്മാന് മൂത്തേടം, ഒ.ടി. ജെയിംസ്, വൈസ് പ്രസിഡന്റുമാരായ ഷാജി ജോണ്‍, ഗീത ദേവദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലാല്‍ പരമേശ്വര്‍, തഹസില്‍ദാര്‍ സുരേഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.