നിയന്ത്രണമില്ലാതെ ഇന്ധന വില കുതിക്കുന്നു; പെട്രോള്‍ വില 95 ന് മുകളില്‍.

നിലമ്പൂര്‍: മെയ് 4ന് ശേഷം 25 ദിവസത്തിനിടയില്‍ 15 തവണ ഇന്ധന വില കൂട്ടി എണ്ണ കമ്പനികള്‍. ഒരു മാസത്തിനുള്ളില്‍ 15 തവണ വില കൂട്ടുന്നത് ചരിത്രത്തിലാദ്യം, കോവിഡ് മഹാമാരിയില്‍ ജനങ്ങളുടെ ജീവിതം ഏറ്റവും കൂടുതല്‍ ദുരിതകാലത്തിലൂടെ കടന്നുപോകുപ്പോഴാണ് ഒരു നിയന്ത്രണവുമില്ലാതെ എണ്ണ കമ്പനികള്‍ ദിനംപ്രതി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് പെട്രോളിന് ലിറ്ററിന് 26 പൈസയും, ഡീസലിന് ലിറ്ററിന് 30 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. ഒരു ലിറ്റര്‍ പെട്രോളിന് നിലമ്പൂരില്‍ ഇന്ന് 95 രൂപ മൂന്ന് പൈസയും, ഡീസലിന് 90 രുപ 43 പൈസയുമാണ് ഈ അവസ്ഥ തുടര്‍ന്നാല്‍ ജൂണ്‍ 30നുള്ളില്‍ പെട്രോള്‍ വില 100 കടക്കും ഡിസല്‍ വില ഏറ്റവും കുറഞ്ഞത് 95 ലേക്കും എത്തും. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് വില്‍പ്പന നികുതിയിനത്തില്‍ വലിയ തുക ലഭിക്കുന്നതിനാല്‍ സര്‍ക്കാറുകളും അവരെ പിന്തുണക്കുന്നവരും മൗനം പാലിക്കുകയാണ്. കൂലിവേല ചെയ്തും, കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവരുമുള്‍പ്പെടെ വാഹനങ്ങള്‍ വീട്ടില്‍ നിറുത്തിയിടേണ്ട അവസ്ഥ വരും. ഇന്ധന വില വര്‍ദ്ധിച്ചതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലയും ഉയരും. പല വ്യഞ്ജനങ്ങള്‍ക്കും പച്ചക്കറികള്‍ക്കുമുള്‍പ്പെടെ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന നമുക്ക് വലിയ തിരിച്ചടിയാകും. ലോക്ഡൗണിന് ശേഷം വാഹനങ്ങള്‍ പുറത്തിറങ്ങുപ്പോള്‍ ബസ് ചാര്‍ജ് ഉള്‍പ്പെടെ വര്‍ദ്ധിക്കാനും സാധ്യതയുണ്ട്. ഇന്ധന വിലവര്‍ദ്ധനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയില്ലെക്കില്‍ വരും ദിനങ്ങള്‍ ജനജീവിതത്തെ ഏറെ പ്രതിസന്ധിയിലാക്കും.