നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സ്ഥാപിക്കുന്ന ഓക്‌സിജന്‍ ജനറേറ്റര്‍ പദ്ധതി മാറ്റി: പകരം ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കും

നിലമ്പൂര്‍: നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കാനുള്ള പദ്ധതി മാറ്റി. ജനറേറ്ററിന് പകരം ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കും. ഓക്‌സിജന്‍ ജനറേറ്റര്‍ സ്ഥാപിക്കുന്നതിനായി 70 ലക്ഷം രൂപയാണ് ജില്ലാ പഞ്ചായത്ത് നിലമ്പൂരിലെ ജില്ലാ ആശുപത്രിക്ക് അനുവദിച്ചിരുന്നത്. ഈ തുക ഇനി ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കുന്നതിനായി ഉപയോഗിക്കും. ജില്ലാ പഞ്ചായത്ത് മുന്‍കൈ എടുത്താണ് പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചിരുന്നത്. ജനറേറ്റര്‍ സ്ഥാപിച്ചാല്‍ വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കുള്ള ചിലവുകള്‍ കൂടുമെന്നും 93 ശതമാനം ശുദ്ധിയെ ഓക്‌സിജന് ലഭിക്കുകയുള്ളുവെന്നുമുള്ള കാരണത്താലാണ് ഓക്‌സിജന്‍ ടാങ്ക് സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം. അതേ സമയം ടാങ്കാണ് സ്ഥാപിക്കുന്നതെങ്കില്‍ ഓക്‌സിജന് 99 ശതമാനം പരിശുദ്ധി ലഭിക്കുമെന്നും വാര്‍ഷിക അറ്റകുറ്റപ്പണികളുടെ ചിലവ് വരില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. പാലക്കാട് കഞ്ചിക്കോടുള്ള ഇന്റര്‍ മെഡിഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുതിയ പദ്ധതിയനുസരിച്ച് ടാങ്ക് സ്ഥാപിച്ച് പദ്ധതി കമ്മീഷന്‍ ചെയ്യാന്‍ 25 ലക്ഷം രൂപ മാത്രമാണ് ചിലവ് വരുന്നത്. അവശേഷിക്കുന്ന തുക ഉപയോഗിച്ച് ആശുപത്രിയില്‍ നിലവിലുള്ള 142 കിടക്കകളിലേക്കും ഓക്‌സിജന്‍ പൈപ്പ് ലൈന്‍ വഴി എത്തിക്കാനുള്ള പ്രവൃത്തി ചെയ്യും. ഇതിന് തുക തികയാതെ വന്നാല്‍ കൂടുതല്‍ തുക അനുവദിക്കാന്‍ ജില്ലാ പഞ്ചായത്ത് സന്നദ്ധമാണ്. നിലവില്‍ കുറച്ച് കിടക്കകളുടെ അരികിലേക്ക് മാത്രമാണ് ഓക്‌സിജന്‍ പൈപ്പുകളുള്ളത്. അവശേഷിക്കുന്ന കിടക്കകളിലേക്ക് കൂടി ഓക്‌സിജന്‍ എത്തിക്കാനുള്ള പ്രവൃത്തി ടെന്‍ഡര്‍ ചെയ്യേണ്ടിവരും. ജില്ലാ ആശുപത്രിയിലേക്ക് എല്ലാ ദിവസവും 50 ഓക്‌സിജന്‍ സിലിണ്ടറുകളാണ് എത്തിക്കുന്നത്. ഇത് ആശുപത്രി നേരിട്ടാണ് ചെയ്യുന്നത്. പുതിയ പദ്ധതിയനുസരിച്ച് പാലക്കാടുള്ള കമ്പനി ദിവസവും ആശുപത്രിയിലേക്കാവശ്യമായ 50 സിലിണ്ടറുകള്‍ എത്തിക്കും. ആവശ്യമായ പണം കമ്പനിക്ക് നല്‍കിയാല്‍ മതി. ആറാഴ്ച്ച കൊണ്ട് പദ്ധതി നടപ്പില്‍ വരുത്താനുള്ള ശ്രമങ്ങളാണ് ജില്ലാ പഞ്ചായത്തും ആശുപത്രി അധികൃതരും നടത്തുന്നത്.