വനമേഖലയിൽ സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു
ചാലിയാർ: സി.സി.ടി.വികൾ കണ്ണു ചിമ്മിയിട്ട് മാസങ്ങളായി. വനമേഖലയിൽ സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിലാണ് ചാലിയാർ പഞ്ചായത്തിലെ അകമ്പാടം മുതൽ മണ്ണുപ്പാടം വരെ പൊതുമരാമത്ത് റോഡ് അരികിൽ നാല് ഡി.സി.ടി.വികൾ സ്ഥാപിച്ചത്. വനമേഖലയിലെ മാലിന്യ നിക്ഷേപം തടയുക ലഷ്യമിട്ടായിരുന്നു നടപടി. എന്നാൽ സി.സി.ടി.വികൾ കണ്ണടച്ചതോടെയാണ് വീണ്ടും സാമൂഹിക വിരുദ്ധർ ഈ ഭാഗത്തെ വനമേഖലയിൽ മാലിന്യ നിക്ഷേപം തുടങ്ങിയത്.
സി.സി.ടി.വിയുടെ എൽ.സി.ഡി. അകമ്പാടം ഫോറസ്റ്റ് സ്റ്റേഷനിലാണ് സ്ഥാപിച്ചിട്ടുള്ളത്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ബോർഡ് തീരുമാനപ്രകാരം ഈ സി.സി.ടി.വി കളുടെ അറ്റകുറ്റപണി ചാലിയാർ ഗ്രാമപഞ്ചായത്തിനായിരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം സഹിൽ അകമ്പാടം പറഞ്ഞു. ബോർഡ് തീരുമാനം ഉടൻ ഗ്രാമ പഞ്ചായത്തിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് ബോർഡ് തീരുമാനവുമായി ബന്ധപ്പെട്ട് ഒരു അറിയിപ്പും പഞ്ചായത്തിന് ലഭിച്ചിട്ടില്ലെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത് അധികൃതർ പറഞ്ഞു. സി.സി.ടി.വി പ്രവർത്തനക്ഷമമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് അകമ്പാടം ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി.അഭിലാഷ് പറഞ്ഞു. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ സ്ഥാപിച്ച സി.സി.ടി വി കൾ പ്രവർത്തനക്ഷമമല്ലാത്തത് വനമേഖലയിൽ മാലിന്യ നിക്ഷേപത്തിന് ഇടയാക്കുന്നുണ്ട്. ഇക്കാര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നും ഇടപടൽ ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.