ജില്ലയില്‍ 935 പേര്‍ക്ക് കോവിഡ് 19, സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച 935 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 18.86 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക്. 4958 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 565 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്ന് കണ്ടെത്തി.
ജില്ലയില്‍ കോവിഡ് വ്യാപനം അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ജില്ലയിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചത്.
വ്യാപാര സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍, അപ്പാര്‍ട്ട്മെന്റുകള്‍, പൊതു വാഹനങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം. എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഓഫീസുകളിലും മാളുകളിലും വാഹനങ്ങളിലും സാനിറ്റൈസര്‍ സൂക്ഷിക്കുകയും ഇടവിട്ട സമയങ്ങളില്‍ ഉപയോഗിക്കുകയും കൃത്യമായി മാസ്‌ക് ധരിക്കുകയും വേണം. എല്ലാ സ്ഥാപനങ്ങളിലും ശരീരതാപനില പരിശോധിക്കാന്‍ സൗകര്യമൊരുക്കണം. വിസ്താരം കുറഞ്ഞ ലിഫ്റ്റുകള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. ലോക്ക് ഡൗണ്‍ പോലെയുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കാന്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ച് സഹകരിക്കണം. 15 മുതല്‍ 18 വയസ്സ് വരെയുള്ള എല്ലാ കുട്ടികളും, രണ്ടാം ഡോസ് വാക്സിന്‍ സ്വീകരിക്കാന്‍ സമയമായവരും മുന്‍കരുതല്‍ ഡോസ് വാക്സിനേഷന് അര്‍ഹതയുള്ളവരും എത്രയും പെട്ടെന്ന് വാകസിന്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.