നാടിനെ കീറിമുറിച്ച് റെയിൽപാളം.. മരണം മുന്നിൽ കണ്ട് മുന്നൂറോളം വിദ്യാർത്ഥികൾ…
1 min readവണ്ടൂർ : ഒരു വളവിനപ്പുറം തീവണ്ടിയുടെ വരവ് ഏത് നിമിഷത്തിലുമുണ്ടാകാം. ആ ഭീതിയിലാണ് കാപ്പില്‍ കാരാട് ഗവ. ഹൈസ്‌കൂളിലെ മുന്നൂറോളം കുട്ടികള്‍ ഇവിടെ തീവണ്ടിപ്പാത മുറിച്ചു കടക്കുന്നത്. ഇതിനൊരു പരിഹാരം ഇവിടെയൊരു മേല്‍പ്പാലം മാത്രമാണെന്നും രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും കരുതുന്നു. അതിനു വേണ്ടിയുള്ള ശ്രമത്തിലാണ് കാരാട് കാപ്പില്‍ നിവാസികള്‍.
ഹൈസ്‌കൂളും അങ്കണവാടിയും റേഷന്‍ കടയും ആരോഗ്യ കേന്ദ്രവും റെയില്‍പാതയുടെ ഒരു ഭാഗത്താണ്. ഹൈസ്‌കൂളിന് മുന്‍പിലുള്ള റോഡിലൂടെ നേരെ പോയാലെത്തുക അമരമ്പലം വഴി വണ്ടൂര്‍ പൂക്കോട്ടുംപാടം ഭാഗത്തേക്കാണ്. സ്‌കൂളിന് മുന്‍പില്‍ നിന്ന് 100 മീറ്റര്‍ എതിര്‍ഭാഗത്തേക്ക് മറികടന്നാലാണ് പോസ്‌റ്റോഫീസും ബാങ്കുകളും കാരാട് പ്രധാന അങ്ങാടിയുമുള്ളത്. പാല്‍ സഹകരണ സംഘവും ഇവിടെത്തന്നെ. ഈ റോഡ് നേരെ വന്നാല്‍ നിലമ്പൂരിലെത്തും. അതായത് കാരാടുകാരുടെ പ്രധാന ആവശ്യങ്ങള്‍ നിറവേറ്റാനുള്ള ആശ്രയം നിലമ്പൂരാണ്. താലൂക്കോഫീസും താലൂക്ക് സപ്‌ളെ ഓഫീസും എംപ്‌ളോയ്‌മെന്റ് ഓഫീസും ദേശസാത്കൃത ബാങ്കുകളുമെല്ലാം കയ്യെത്തും ദൂരത്താണ്. പക്ഷേ എത്തണമെങ്കില്‍ പാലാമഠം-വെള്ളാമ്പുറം-എസ്‌റ്റേറ്റുംപടി ചുറ്റി കിലോമീറ്ററുകള്‍ താണ്ടണം.
16 ഡിവിഷനുകള്‍ ഉള്ള കാപ്പില്‍ കാരാട് ഗവ. ഹൈസ്‌കൂളില്‍ 300 ഓളം കുട്ടികള്‍ പാതയുടെ ഒരു ഭാഗത്തും അതിലേറെ കുട്ടികള്‍ മറുഭാഗത്തുനിന്നുമാണ് വരുന്നത്. സ്‌കൂള്‍ വിട്ടാല്‍ അങ്കണവാടി കുട്ടികളുള്‍പ്പെടെയുള്ളവരെ റെയില്‍പ്പാതയുടെ അപ്പുറത്തെത്തിക്കാന്‍ സ്‌കൂളില്‍ അധ്യാപകര്‍ക്ക് പ്രത്യേക ഡ്യൂട്ടി തന്നെയിട്ടിരിക്കുകയാണെന്ന് പ്രഥമാധ്യാപകന്‍ എം.പി. വില്‍സണ്‍ പറഞ്ഞു. വളവിനപ്പുറത്ത് തീവണ്ടിയുടെ വരവറിയാന്‍ പ്രയാസമാണ്. വളവ് തിരിഞ്ഞ് നേരെ വരും. അപ്പോഴേക്കും അപകടം സംഭവിക്കാം. അധ്യാപകരുടേയും നാട്ടുകാരുടേയും സമയോചിതമായ ഇടപെടലാണ് പലപ്പോഴും അപകടങ്ങള്‍ ഒഴിവാക്കുന്നത്. മുന്‍പ് ഒന്നോ രണ്ടോ തീവണ്ടികള്‍ മാത്രമുണ്ടായിരുന്നിടത്ത് ഇപേ്ാള്‍ പലപ്പോഴായി ഏഴു വണ്ടികള്‍ 14 ട്രിപ്പുകളാണ് നടത്തുന്നത്. കൂടാതെ ഈ അടുത്ത കാലത്തായി ചരക്കുവണ്ടികളും വരുന്നുണ്ട്. ചരക്കു വണ്ടികള്‍ക്ക് നിശ്ചിത സമയക്രമമില്ലാത്തതിനാല്‍ എപ്പോള്‍ വരുമെന്ന് കണക്കാക്കാനുമാകില്ല.
കാരാട് ചൈത്രം മോഹന്‍ദാസ്, പുതുപ്പുരക്കല്‍ ഗോപാലകൃഷ്ണന്‍, കൊട്ടപ്പുറത്ത് ശ്രീനിവാസന്‍, ശശികുമാര്‍ പറശേരി തുടങ്ങിയ നാട്ടുകാരും ഇതേ ആവശ്യമാണ് ഉന്നയിക്കുന്നത്. മേല്‍പ്പാലത്തിന്റെ ആവശ്യമുന്നയിച്ച് റെയിൽവേ മന്ത്രി, ഡി.ആര്‍.എം. എം.പി. തുടങ്ങിയവര്‍ക്കെല്ലാം നിവേദനം നല്‍കിയിരിക്കുകയാണ് ഇവര്‍..