കൊലവിളിയുമായി കാട്ടാന.. ആസ്യക്ക് ചവിട്ടേറ്റത് കൃഷിയിടിത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെ.. ഞെട്ടൽ മാറാതെ നാട്ടുകാർ.

മമ്പാട് : മമ്പാട് വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. മമ്പാട് ഓടായിക്കൽ കണക്കൻകടവ് പരശുനാംകുന്നത്ത് പരേതനായ ഷൗക്കത്തലിയുടെ ഭാര്യ ആസ്യ (68) ആണ് മരിച്ചത്.
വെളളിയാഴ്ച്ച രാത്രിയിലാണ് വീട്ടമ്മക്ക് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ഓടായിക്കലും പരിസരപ്രദേശത്തും കാട്ടാന ശല്യം രൂക്ഷമാണ്. കൃഷിയിടത്തിൽ ഇറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിന് ഇവർ ഇരയായത്.
ശനിയാഴ്ച്ച പുലർച്ചെ ടാപ്പിംഗിന് പോകുമ്പോൾ ആസ്യായുടെ ഭർത്താവിന്റെ അനുജൻ അസൈനാരാണ് വീടിന് സമീപം ആസ്യ മരിച്ച നിലയിൽ കിടക്കുന്നത് കണ്ടത്. ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ആസ്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.സ്ഥിരമായി ഈ പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികൾ പറയുന്നു. വനത്തിനോട് അടുത്ത പ്രദേശമായതുകൊണ്ട് തന്നെ കാട്ടാനകൾക്ക് പുറമെ
മറ്റു വന്യജീവി ശല്യവും രൂക്ഷമാണ്.
കാടിനോട് ചേർന്ന കൃഷിയിടത്തിലെ വീട്ടിൽ ആസ്യ ഒറ്റക്കാണ് താമസിച്ചിരുന്നത്, ഏറെ ധൈര്യശാലിയായിരുന്ന ഇവർ കാട്ടാനകൾ തന്റെ കൃഷിയിടത്തിൽ ഇറങ്ങുമ്പോൾ ഒച്ചവെച്ച് ഓടിച്ചിരുന്നു. എടവണ്ണ റെയ്ഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ വനപാലകരും നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിൽ പോലീസും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു.
ആന്തരിക അവയവങ്ങൾ പുറത്ത് ചാടിയ നിലയിലായിരുന്നു മൃതദ്ദേഹം. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മമ്പാട് ഓടായിക്കൽ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ ഖബറടക്കി. മക്കൾ : സെലിന,സക്കീന. മരുമക്കൾ: ഷൗക്കത്തലി, അബുബക്കർ സിദ്ദിഖ്