വിദ്യാലയ മുറ്റത്തെ മധുരിക്കുന്ന ഓര്‍മ്മകളിലേക്ക് ഒരു വട്ടം കൂടി
1 min read
കാളികാവ്: നിറം മങ്ങിയ വിദ്യാലയ ജീവിതത്തിന്റെ ഓര്‍മ്മകള്‍ക്ക് വര്‍ണ്ണങ്ങള്‍ ചാര്‍ത്തി നാല് പതിറ്റാണ്ടിന് ശേഷം അവർ ഒത്തുചേർന്നു.പുല്ലങ്കോട് ജി.എച്ച്.എസ്.സി ലെ 1981-82 പത്താം ക്ലാസ് ഇ-ഡിവിഷനിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് അക്ഷരലോകത്തേക്ക് കൈപിടിച്ചു നടത്തിയ വിദ്യാലയ മുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നത്.
ഫസ്റ്റ് ബെല്ല് 82 എന്ന പേരിലാണ് ഇന്നലെകളെ ഒരിക്കല്‍ കൂടി ചേർത്ത് പിടിച്ച് അവർസംഗമിച്ചത് .പലരും പഠിച്ചിറങ്ങിയ ശേഷം ആദ്യമായാണ് വിദ്യാലയത്തിലേക്ക് വീണ്ടും എത്തുന്നത്. പിന്നിട്ട വഴികളില്‍ മാഞ്ഞുപോയെന്ന് കരുതിയ മധുരമൂറുന്ന വിദ്യാലയ ഓര്‍മ്മകള്‍ക്ക് അവര്‍ വീണ്ടും തിരി തെളിയിച്ചപ്പോള്‍ അളവറ്റ ആഹ്ലാദത്താല്‍ സ്കൂളും പരിസരവും വീര്‍പ്പുമുട്ടി.
പ്രസ്തുത ബാച്ചിലെ പൂര്‍വ്വ വിദ്ധ്യാര്‍ത്ഥികളില്‍ ചിലര്‍ രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെ വിദേശത്തും നാട്ടിലുമുള്ളവരുടെ പരിശ്രമത്തിന്റെ ഫലമായാണ് ഈ വിദ്യാലയ തിരുമുറ്റത്ത് ഒത്തുചേരലിന് വേദിയൊരുക്കിയത്.വേര്‍പെട്ട് പോയവരെക്കുറിച്ചുളള ഓര്‍മ്മകളില്‍ കണ്ണ് നിറച്ചു. അന്ന് കൂടെയുണ്ടായിരുന്ന 48 പേരില്‍ഇന്ന് ബാക്കിയുളളത് 44 പേര്. ഏതാനുo ചിലരൊഴിച്ച് ബാക്കി മുഴുവനാളുകളും ഈ കൂട്ടായ്മക്കായി സ്കൂള്‍മുറ്റത്തെത്തി.സംഗമത്തിൽ പങ്കെടുക്കാൻ മാത്രം രണ്ടു പേർ വിദേശത്ത് നിന്നും നാട്ടിലെത്തിയിരുന്നു.കൂട്ടായ്മയിലെ മുഴുവൻ പേർക്കും സർപ്രൈസ് ഗിഫ്റ്റും സമ്മാനിച്ചു. വർഷങ്ങൾക്ക് മുമ്പ് വേർപിരിഞ്ഞവരെ ചേർത്ത് പിടിച്ച് വാട്ട്സാപ്പ് ഗ്രൂപ്പിന് നേതൃത്വം നൽകിയ പി.ജമീലക്ക് പ്രവാസി അലി മാളിയേക്കൽ ഉപഹാരം സമ്മാനിച്ചു.
കൺവീനർ സി.ഷറഫുദ്ദീൻ, എം.ഇബ്രാഹിം, സി.കെ ബഷീർ, ടി.സി റഷീദ്, അബ്ദുറഹ്മാൻ, സി.അഷ്റഫ്, ആമിന, ടി.കെ സുബൈദ എന്നിവർ നേതൃത്വം നൽകി.