നിലമ്പൂരില്‍ എം.എല്‍.എ. ഓഫീസ് കേന്ദ്രീകരിച്ച് ‘അരികെ’ സഹായ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി.

നിലമ്പൂര്‍: കോവിഡ് ദുരിതത്തിന് ആശ്വാസം നല്‍കാനും കോവിഡ് രോഗബാധിതര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താനും ലക്ഷ്യമിട്ട് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ഓഫീസ് കേന്ദ്രീകരിച്ച് ‘അരികെ’ എന്ന പേരില്‍ സഹായ കേന്ദ്രം പ്രവര്‍ത്തനം തുടങ്ങി. എം.എല്‍.എ.യുടെ നിയന്ത്രണത്തില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐ.യും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോവുക. കോവിഡ് രോഗികള്‍ക്കാവശ്യമുള്ള എന്ത് സഹായവും കേന്ദ്രത്തിന്റെ കീഴില്‍ നല്‍കുമെന്ന് എം.എല്‍.എ. വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗികള്‍ക്കാവശ്യമായ മരുന്ന്, ആശുപത്രിയിലും മറ്റും പോകാനാവശ്യമായ വാഹനം, ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ഡോക്ടറുടെ സേവനം എന്നിവ സഹായകേന്ദ്രം വഴി നല്‍കും. ഇതിനായി എം.എല്‍.എ. ഓഫീസിലെ 04931 224466 എന്ന ലാന്‍ഡ് നമ്പറിലേക്ക് വിളിച്ചാല്‍ മതിയാകും. പദ്ധതിയുടെ പ്രവര്‍ത്തനം നടത്താനാവശ്യമായ എന്ത് തരം സഹായങ്ങളും എം.എല്‍.എ. ഓഫീസിലെത്തിക്കണമെന്ന് എം.എല്‍.എ. ആവശ്യപ്പെട്ടു. പി.പി.ഇ. കിറ്റ്, മരുന്ന്, ഓക്സിജന്‍ സിലിണ്ടര്‍ തുടങ്ങിയവ നല്‍കാം. ഇവ ശേഖരിച്ച് ആവശ്യക്കാരിലേക്കെത്തിക്കാന്‍ സഹായകേന്ദ്രം നടപടിയെടുക്കും. എം.എല്‍.എ.യുടെ മാതാപിതാക്കളായ ഷൗക്കത്തലി, മറിയുമ്മ എന്നിവരുടെ പേരിലുള്ള ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലേക്കും പള്‍സ് ഓക്സീമീറ്ററുകള്‍ വിതരണം ചെയ്യുന്നുണ്ട്. ആദ്യഘട്ടത്തില്‍ 100 പള്‍സ് ഓക്സീമീറ്ററുകളുടെ വിതരണം എം.എല്‍.എ. ഓഫീസില്‍ നടന്നു. എടക്കര, നിലമ്പൂര്‍ സി.പി.എം. ഏരിയാ കമ്മിറ്റി സെക്രട്ടറിമാര്‍ ഓക്സീമീറ്ററുകള്‍ പി.വി. അന്‍വറില്‍ നിന്ന് ഏറ്റുവാങ്ങി. ഇവ സ്പോണ്സര് ചെയ്യാന്‍ താത്പര്യമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാമെന്നും അദ്ദേഹം അറിയിച്ചു. ടി. രവീന്ദ്രന്, ഇ. പദ്മാക്ഷന്, മാട്ടുമ്മല്‍ സലീം എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.