ഈ നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍
1 min read
- നിയന്ത്രണങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ്19 വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ (16-05-2021) ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. കൊവിഡ് കേസുകള്‍ ഉയര്‍ന്ന തോതിലുള്ള എറണാകുളം, മലപ്പുറം, തൃശൂര്‍, തിരുവനന്തപുരം ജില്ലകളാണ് അടച്ചിടുന്നത്.
അതിര്‍ത്തികള്‍ അടയ്ക്കുന്നതിനൊപ്പം നാല് ജില്ലകളിലും കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വരും. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ജില്ലയിലേക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും ഒരു വഴി മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അനാവശ്യമായി പുറത്തിറങ്ങുന്നതിനും കൂട്ടം കൂടുന്നതിനും വിലക്കുണ്ട്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്തും. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുന്ന സ്ഥലങ്ങളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിച്ചാകും സുരക്ഷ ശക്തിപ്പെടുത്തുക. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിക്കാതിരുന്നാല്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടിവരും. മാസ്‌ക് അടക്കമുള്ള കൊവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമായി പാലിക്കണം.ക്വാറന്റൈന്‍ ലംഘനം കണ്ടെത്താന്‍ ജിയോ ഫെന്‍സിങ് സാങ്കേതിക വിദ്യ ഉപയോഗിക്കും. ക്വാറന്റൈന്‍ ലംഘിക്കുന്നവര്‍ക്കും ഇവര്‍ക്ക് സഹായം നല്‍കുന്നവര്‍ക്കെതിരെയും പോലീസ് നടപടി സ്വീകരിക്കും. കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരമായിരിക്കും നടപടികള്‍ സ്വീകരിക്കുക.