ജനക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി
1 min readമലപ്പുറം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി പതിനാറോളം കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി സംവദിച്ചു. ജില്ലയിലെ ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, ധനകാര്യസ്ഥാപനങ്ങളിലെ പ്രതിനിധികള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, ജില്ലകളിലെ മറ്റ് വിശിഷ്ട വ്യക്തിത്വങ്ങളുമായും പ്രധാന മന്ത്രി ഓണ്‍ലൈനായി സംവദിച്ചു.
ഓരോ പദ്ധതിയിലെയും ഇരുപത് ഗുണഭോക്താക്കള്‍ വീതമാണ് ആശയവിനിമയത്തില്‍ പങ്കെടുത്തത്. ജനക്ഷേമ പദ്ധതികള്‍ രാജ്യത്തെ ദുര്‍ബല വിഭാഗങ്ങളുടെ ജീവിതസാഹചര്യ നിലവാരം എത്രമാത്രം ഉയര്‍ത്തിട്ടുണ്ടെന്ന് മനസിലാക്കുന്നതിനും വിവിധ പദ്ധതികളുടെ സംയോജനം മൂലം പദ്ധതി വിഭാവനം ചെയ്ത രീതിയില്‍ അര്‍ഹരായ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും പ്രയോജനപ്പെട്ടിട്ടുണ്ടോ എന്ന് വിലയിരുത്തുന്നതിനുമാണ് പ്രധാന മന്ത്രി ആശയ വിനിമയം നടത്തിയത്.
ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയിൽ പി.ഉബൈദുള്ള എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ബ്ലോക്ക്/ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭ ചെയര്‍മാന്‍/ചെയര്‍പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിപുലമായ സജ്ജീകരണങ്ങളോടെ നടത്തപ്പെടുന്ന ഈ പരിപാടിയില്‍ വിവിധ ജനക്ഷേമ പദ്ധതികളായ പ്രധാന്‍ മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍ / നഗരം), പ്രധാന്‍ മന്ത്രി കിസാന്‍ സമ്മാന്‍ നിധി, പ്രധാന മന്ത്രി ഉജ്ജ്വല യോജന, പോഷണ്‍ അഭിയാന്‍, പ്രധാന്‍ മന്ത്രി മാതൃവന്ദന യോജന, സ്വച്ച് ഭാരത് മിഷന്‍ (ഗ്രാമീണ്‍ & നഗരം), ജല്‍ ജീവന്‍ മിഷന്‍ & അമൃത്, പ്രധാന്‍ മന്ത്രി സ്വാനിധി സ്‌കീം, വണ്‍ നേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍ മന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന, ആയുഷ്മാന്‍ ഭാരത് പിഎം ജന്‍ ആരോഗ്യ യോജന, ആയുഷ്മാന്‍ ഭാരത് ഹെല്‍ത്ത് & വെല്‍നസ് സെന്റര്‍ , പ്രധാന്‍ മന്ത്രി മുദ്ര യോജന എന്നിവയിലെ ഗുണഭോക്താക്കളാണ് പങ്കെടുക്കുന്നത്.