നിലമ്പൂര്‍ തേക്കിനും ട്രിപ്പിള്‍ പൂട്ട്. തേക്കുലേലങ്ങളും നിറുത്തി.

നിലമ്പൂര്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ട്രിപ്പിള്‍ ലോക് ഡൗണില്‍ നിലമ്പൂര്‍ തേക്കുകളുടെ വ്യാപാരവും നിലച്ചു, വനം വകുപ്പിന്റെ നിലമ്പൂരിലെ അംഗീകൃത തടി ഡിപ്പോകളായ അരുവാക്കോട് സെന്റര്‍ ഡിപ്പോയിലും നെടുങ്കയം ടിമ്പര്‍ സെയില്‍ ഡിപ്പോയിലും വ്യാപാരികള്‍ വിളിച്ചെടുത്ത തേക്കു തടികള്‍ വില്‍പ്പന നടത്താന്‍ കഴിയാതെ കിടക്കുകയാണ്. രണ്ട് ഡിപ്പോകളില്‍ നിന്നായി ഈ ലേലങ്ങളിലൂടെ ഓരോ മാസവും കോടികളുടെ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയിരുന്നത്. സംസ്ഥാനത്തെ ലോക്ഡൗണിന് പുറമെ തമിഴ്‌നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ ലോക് ഡൗണുകളും നിലമ്പൂര്‍ തേക്കുകളുടെ വ്യാപാരത്തെ കാര്യമായി ബാധിക്കും. ലോകത്തിലെ തന്നെ ഒന്നാം നമ്പര്‍ തേക്കായ നിലമ്പൂര്‍ തേക്കിന് അന്യസംസ്ഥാനങ്ങളില്‍ നിന്നും ആവശ്യക്കാര്‍ ഏറെയാണ്. കോടികള്‍ മുടക്കി തേക്ക് ലേലത്തിനെടുത്ത വനം വകുപ്പിന്റെ അംഗീകൃത വ്യാപാരികളും ഏറെ പ്രതിസന്ധിയിലാണ്. മറ്റ് മേഖലകളെ പോലെ തന്നെ നിലമ്പൂര്‍ തേക്ക് വ്യാപാരത്തിനും ട്രിപ്പിള്‍ പൂട്ട് വീണുകഴിഞ്ഞു.