മലയോരത്ത് കാലവര്‍ഷത്തിന് തുടക്കമായി: ഏത് പ്രതിസന്ധികളേയും നേരിടാനൊരുങ്ങി ദുരന്ത നിവാരണ വിഭാഗം
1 min readനിലമ്പൂര്‍: ഒരു ചെറിയ ഇടവേളയിലെ മഴയുടെ ഒഴിവിന് ശേഷം കാലാവസ്ഥാ പ്രവചനം ശരിവെച്ച് മലയോരത്ത് കാലവര്‍ഷം ശക്തി പ്രാപിക്കുന്നു . വെള്ളിയാഴ്ച മുതല്‍ കാലവര്‍ഷം തുടങ്ങുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. അതേ സമയം 2018 മുതല്‍ നിലമ്പൂര്‍ മേഖലയിലുണ്ടായ കാലവര്‍ഷക്കെടുതികളുടെ തുടര്‍ച്ചയുണ്ടാവുമെന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍ ആവശ്യമായ മുന്നൊരുക്കങ്ങളാണ് ദുരന്തനിവാരണ സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കിയിട്ടുള്ളത്. ഒരപടകമുണ്ടായാല്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയെല്ലാമാവണമെന്ന് കഴിഞ്ഞ ആഴ്ചയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ.യുടെ നേതൃത്വത്തിലും അതിന് മുമ്പ് റവന്യു വകുപ്പും നടത്തിയ യോഗങ്ങളില്‍ ധാരണയായിരുന്നു. പ്രകൃതി ദുരന്തങ്ങളുണ്ടായാല്‍ നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ മാത്രം 1235 കുടുംബങ്ങളില്‍ നിന്നായി 5268 പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരുമെന്നാണ് അധികൃതരുടെ കണക്ക്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ പൊതുജനങ്ങളെ മാറ്റി പാര്‍പ്പിക്കാനായി 22 ക്യാമ്പുകളാണ് ഇപ്പോള്‍ വിവിധ പഞ്ചായത്തുകളിലായി കണ്ടെത്തിയിട്ടുള്ളത്. ഓരോ എട്ടു മണിക്കൂറിലും കാര്യങ്ങള്‍ വിലയിരുത്താനായി മൂന്ന് വീതം ചാര്‍ജ് ഓഫീസര്‍മാര്‍ക്ക് ചുമതല നല്‍കും. ക്യാമ്പുകളുടെ കാര്യത്തിനായി ഒരു നോഡല്‍ ഓഫീസറേയും നിയമിക്കും. ആരോഗ്യ വകുപ്പിന്റെ സേവനം സംബന്ധിച്ച് ആ വകുപ്പ് തന്നെ മേല്‍നോട്ടം വഹിക്കും. വൊളന്റിയര്‍മാരുടെ വലിയ സംഭാവനയും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാവും. കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു ക്യാമ്പ് എന്നു പറയുന്നത് തന്നെ നാലായിട്ടാണ് തരംതിരിച്ചിട്ടുള്ളത്. ഒരു ക്യാമ്പില്‍ ജനറല്‍ വിഭാഗത്തിന് താമസിക്കാനുള്ള ഇടം, 60 വയസ് കഴിഞ്ഞവര്‍ക്കുള്ള ഇടം, കോവിഡ് ലക്ഷണമുള്ളവര്‍ക്ക് താമസിക്കാന്‍ മറ്റൊരിടം, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് വേറെ സ്ഥലം എന്നിങ്ങനെയാണ് ക്യാമ്പുകളും ക്രമീകരിക്കുക. ഇതിനെല്ലാം ചുമതലയുള്ള ഉദ്യോഗസ്ഥരേയും നിയമിക്കും. ഒരു ദുരന്തമുണ്ടായാല്‍ വിവിധ പഞ്ചായത്തുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുന്ന കുടുംബങ്ങളുടേയും ആളുകളുടേയും ക്യാമ്പുകളുടേയും കണക്ക് മുന്‍കൂട്ടി അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ കൂടുതല്‍ ആവശ്യം വന്നാല്‍ അതിനുള്ള ക്രമീകരണങ്ങള്‍ ചെയ്യും. നിലവില്‍ ഏറ്റവും കൂടുതല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിവരുമെന്ന് പ്രതീക്ഷിക്കുന്ന പഞ്ചായത്ത് വഴിക്കടവാണ്. പഞ്ചായത്ത്, കുടുംബം, ആളുകള്‍, ക്യാമ്പുകള്‍ എന്ന ക്രമത്തില്‍
വഴിക്കടവ് 584, 2644, നാലു ക്യാമ്പുകള്‍. എടക്കര 23, 163, ഒരു ക്യാമ്പ്. പോത്തുകല്ല് 206, 873, ഏഴു ക്യാമ്പുകള്‍. മൂത്തേടം73, 206, രണ്ട് ക്യാമ്പുകള്‍. ചുങ്കത്തറ 48, 283, ഒരു ക്യാമ്പ്. കരുളായി 98, 284, ഒരു ക്യാമ്പ്. അമരമ്പലം 53, 215, ഒരു ക്യാമ്പ്. നിലമ്പൂര്‍ നഗരസഭ 150, 600, അഞ്ച് ക്യാമ്പുകള്‍ എന്നിങ്ങനെയാണ് കണക്കാക്കിയിട്ടുള്ളത്.