കരുളായിൽ കോൺഗ്രസ് ഭിന്നത രൂക്ഷമാകുന്നു
1 min readകരുളായി: മണ്ഡലം പ്രസിഡൻറിനെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസിൽ ഒരു വിഭാഗം, ഡി.സി.സി പ്രസിഡന്റ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എന്നിവർക്ക് നൽകിയ പരാതിയിൽ നടപടി വൈകുന്നതിലും അമർഷം പുകയുന്നു.
കോൺഗ്രസ് കരുളായി മണ്ഡലം വൈസ് പ്രസിഡന്റ് വിജയരാജൻ , ട്രഷറർ കെ.മോഹനചന്ദ്രൻ, ഗ്രാമ പഞ്ചായത്തംഗവും മണ്ഡലം വൈസ് പ്രസിഡൻറും മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ ഷീബ പൂഴിക്കുത്ത്, മണ്ഡലം സെക്രട്ടറി കെ.പ്രവീൺ, കാളികാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറും മഹിളാ കോൺഗ്രസ് പ്രസിഡൻറുമായ സിബി വർഗ്ഗീസ്, യൂത്ത് കോൺഗ്രസ് ബ്ലോക്ക് ടി.കെ.ഹാഷിം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് പൂക്കോട്ടിൽ എന്നിവരാണ് പരാതിക്കാർ.
കരുളായി മണ്ഡലം കോൺഗ്രസ് പ്രസിഡൻറും, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സുരേഷ് ബാബുവിനെതിരെയാണ് ആരോപണം. പാർട്ടി ഓഫീസിന്റെ വാടക നിലമ്പൂർ അർബൻ ബാങ്കിന്റെ കരുളായി ബ്രാഞ്ചിലുള്ള മണ്ഡലം പ്രസിഡന്റ് പേരിലുള്ള ജോയിന്റ് അക്കൗണ്ടിലിടാതെ മണ്ഡലം പ്രസിഡന്റ് നേരിട്ട് വാങ്ങുന്നു എന്ന ഗുരുതര ആരോപണമാണ് ഇവർ ഉന്നയിക്കുന്നത്. പാലേമാട് വിവേകാനന്ദാ സ്കൂളിലെ അധ്യാപകൻ കൂടിയാണ് ഇദ്ദേഹമെന്നും പരാതിയിൽ പറയുന്നു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ബാബുവുമായുള്ള ഭിന്നതയെ തുടർന്ന് മൈലംമ്പാറ വാർഡ് മെംബർ ഇ.കെ.അബ്ദുറഹ്മാൻ എൻ.സി.പി യിൽ ചേരുമെന്ന പ്രചരണം ശക്തമായിരിക്കെയാണ് മണ്ഡലം നേതാക്കൾ ഉൾപ്പെടെയുള്ളവർ പാർട്ടി ഓഫീസ് വാടക മണ്ഡലം പ്രസിഡന്റ് പാർട്ടി ചട്ടങ്ങൾക്ക് വിരുദ്ധമായി നേരിട്ട് വാങ്ങുന്നു എന്ന പരാതിയുമായി, ജില്ലാ, ബ്ലോക്ക് നേതൃത്വങ്ങളെ സമീപിച്ചിരിക്കുന്നത്.പരാതി ലഭിച്ചിട്ടുണ്ടെന്നും അത് ചർച്ച ചെയ്യത് പരിഹരിച്ചതാണെന്നും, നിലവിൽ പ്രശ്നങ്ങളില്ലെന്നും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് എ.ഗോപിനാഥ് പറഞ്ഞു. ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും, പാർട്ടിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും കോൺഗ്രസ് കരുളായി മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു പറഞ്ഞു. പരാതിക്ക് പിന്നിൽ ചിലരുടെ സ്വാർത്ഥ താൽപര്യം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പരാതിക്ക് പരിഹാരമുണ്ടായിട്ടില്ലെന്നും, തങ്ങൾ രേഖാ മൂലം നൽകിയ പരാതിക്ക് രണ്ട് മാസത്തിനുള്ളിൽ പരിഹാരമുണ്ടാക്കാമെന്ന് നേതൃത്വം അറിയിച്ചിട്ടുണ്ട്. പാർട്ടിയിൽ കണക്കുകൾ അവതരിപ്പിച്ചിട്ടില്ലെന്നും പരാതി നിലനിൽക്കുകയാണെന്നും പരാതിയിൽ ഒപ്പിട്ടവർ പറഞ്ഞു. മണ്ഡലം പ്രസിഡൻറ് നിരത്തുന്ന വാദങ്ങളിൽ കഴമ്പില്ലെന്നും അവർ പറഞ്ഞു.