കാത്തിരിപ്പിനൊടുവില്‍ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു

മുണ്ടേരി: മുണ്ടേരി വനത്തിലെ വാണിയംപുഴ കോളനിയില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ എത്തി.ആവശ്യങ്ങളുടെ പട്ടിക നിരത്തി കോളനി നിവാസികൾ. പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ മുണ്ടേരി വനത്തിലെ ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു.
കോളനിയില്‍ ചേര്‍ന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായും ആദിവാസികളുമായും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ 2019ലെ പ്രളയം കവര്‍ന്ന പാലവും ഭൂമിയും വീടും 6 മാസത്തിനകം നിര്‍മിച്ചു നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടു. ഇതോടെ വയനാടന്‍ മലനിരകളുമായി അതിര്‍ത്തി പങ്കിടുന്ന ഇരുട്ടുകുത്തി, കുമ്പളപ്പാറ ,വാണിയംപുഴ, ചെമ്പ്ര, തരിപ്പപ്പൊട്ടി, തണ്ടങ്കല്ല് എന്നീ ഗോത്രവര്‍ഗ ഊരുകളിലെ മനുഷ്യജീവിതങ്ങള്‍ക്കാണ് ദുരിതകയത്തില്‍ നിന്നും മോചനമൊരുങ്ങുന്നത്.
ചാലിയാര്‍ പുഴയില്‍ പാലം നിര്‍മിക്കും. എല്ലാവര്‍ക്കും വീടുകളൊരുക്കും, വൈദ്യുതിയെത്തിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
2015ല്‍ ബ്ലോക്ക് പഞ്ചായത്ത് അനുമതി തേടിയ 7.5 കോടിയുടെ ആദിവാസി സമഗ്ര വികസന പാക്കേജ് പുനരാവിഷ്‌ക്കരിച്ച് നടപ്പാക്കും. കഴിഞ്ഞ രണ്ടു പ്രളയങ്ങളുടെ ദുരന്ത കാഴ്ച കളക്ടര്‍ നോക്കിക്കണ്ടു. രണ്ടാഴ്ച മുമ്പ് സബ് കളക്ടര്‍ ശ്രീ ധന്യ സുരേഷ് കാട്ടിലെ കോളനികള്‍ സന്ദര്‍ശിച്ചിരുന്നു.അവരുടെ വിശദമായ റിപ്പോര്‍ട്ടാണ് തന്റെ പെട്ടന്നുള്ള വരവ് സാധ്യമാക്കിയതെന്നും കളക്ടര്‍ അറിയിച്ചു.
പാലം നിര്‍മാണത്തിനായി മൂന്ന് ദിവസത്തിനകം സൈറ്റ് ഇന്‍വെസ്റ്റിഗേഷന്‍ നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ പി ഡബ്ല്യു നിലമ്പൂര്‍ എ.ഇ മൊഹ്‌സിനോട് കളക്ടര്‍ നിര്‍ദേശം നല്‍കി. സ്ഥലമേറ്റെടുപ്പ്മായി ബന്ധപ്പെട്ട പ്രശ്‌നം ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോവലുമായി ചര്‍ച്ച നടത്തി.കോളനിയില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൈദ്യുതി എത്തിക്കാന്‍ കെ എസ് ഇ ബി നിലമ്പൂര്‍ എ.ഇ രഞ്ജിത്തിന് നിര്‍ദേശം നല്‍കി.
നിറഞ്ഞു കവിഞ്ഞ പുഴയില്‍ ആദിവാസികളുടെ മുള ചങ്ങാടം ഉപയോഗിച്ചാണ് കളക്ടറും സംഘവും മറുകരയെത്തിയത്. അസി.കളക്ടര്‍ ശ്രീധന്യ സുരേഷ്, ഡി.എഫ്.ഒ മാര്‍ട്ടില്‍ ലോവല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പുഷ്പവല്ലി, പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജന്‍, വൈസ് പ്രസിഡന്റ് ഷാജി ജോണ്‍, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവരും കളക്ടര്‍ക്കൊപ്പം ഉണ്ടായിരുന്നു.