ONETV NEWS

NILAMBUR NEWS

ചാലിയാറിൽ ഭരണം പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • മുട്ടിയേൽ വാർഡിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യതയേറി

ചാലിയാർ : കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ചാലിയാർ പഞ്ചായത്തിൽ ഭരണം പിടിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. മുൻ മന്ത്രി ആര്യാടൻ മുഹമ്മദിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം ചാലിയാർ മണ്ഡലം കോൺഗ്രസ് നേതാക്കൾ നടത്തിയ ചർച്ചയിലാണ് പുതിയ നീക്കം.

14 അംഗ ബോർഡിൽ 8 അംഗങ്ങൾ ഉണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിന് നൽകേണ്ട അവസ്ഥ ക്ക് മാറ്റം വേണമെന്ന നിലപാട് ആര്യാടൻ മുഹമ്മദ് സ്വീകരിച്ചു. കോൺഗ്രസ് അംഗങ്ങളിൽ ഒരാൾ രാജിവെച്ച് ഉപതെരഞ്ഞെടുപ്പിന് വഴിയൊരുക്കാൻ ആര്യാടൻ മുഹമ്മദ് ആവശ്യപ്പെട്ടു. ഈ രീതിയിൽ ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന നിലപാടും ആര്യാടൻ മുഹമ്മദ് മണ്ഡലം നേതാക്കളെ അറിയിച്ചു.

വാളംതോട്,മുട്ടിയേൽ വാർഡുകളിൽ ഒന്നിൽ രാജിവെയ്ക്കാനാണ് മണ്ഡലം നേതൃത്വം ലക്ഷ്യമിടുന്നത്.പാർട്ടി ആവശ്യപ്പെട്ടാൽ ഗ്രാമ പഞ്ചായത്തംഗത്വം രാജിവെയ്ക്കാൻ തയ്യാറാണെന്ന് മുട്ടിയേൽ വാർഡ് അംഗവും, പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ തോണിയിൽ സുരേഷ് സന്നദ്ധത അറിയിച്ചു. മണ്ഡലം ഭാരവാഹികളുടെ പുന:സംഘടനയിൽ നിലവിലെ വൈസ് പ്രസിഡന്റായ സുരേഷിന് മണ്ഡലം പ്രസിഡന്റ് സ്ഥാനം നൽകാമെന്ന ധാരണയാണ് ഉണ്ടായിട്ടുള്ളത്.എന്നാൽ സാമുദായിക പരിഗണന പാലിക്കേണ്ടി വന്നാൽ ഇത് നടപ്പിലാക്കുക പ്രയാസമാകും. കോൺഗ്രസ് ഭാരവാഹി എന്ന നിലയിലും, ഗ്രാമ പഞ്ചായത്ത് അംഗമെന്ന നിലയിലും കഴിവ് തെളിയിച്ച യുവനേതാവാണ് തോണിയിൽ സുരേഷ്.

കോൺഗ്രസിന് ഏറ്റവും ഭൂരിപക്ഷം ലഭിച്ച വാളംതോട് വാർഡിൽ ഉപതെരഞ്ഞെടുപ്പ് വന്നാൽ വിജയം സുനിശ്ചിതമല്ലെന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിലുയർന്നത്. തിരുവമ്പാടി എം.എൽ.എ ലിൻറ്റോ ജോസഫ്, നിലമ്പൂർ എം.എൽ.എ.പി.വി.അൻവർ എന്നിവർ പ്രചരണത്തിനിറങ്ങിയൽ വാളംതോട്ടിൽ സ്ഥിതി അനുകൂലമാകണമെന്നില്ല. ഈ സാഹചര്യത്തിൽ, എന്നും കോൺഗ്രസിനൊപ്പം നിന്നിട്ടുള്ള മുട്ടിയേൽ വാർഡിൽ മത്സരിക്കുന്നതായിരിക്കും ഗുണകരമാകുക എന്നും കോൺഗ്രസ് വിലയിരുത്തുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 64 വോട്ടുകൾക്കാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി പാലത്തിങ്ങൽ ഉണ്ണിയെ കോൺഗ്രസിലെ തോണിയിൽ സുരേഷ് പരാജയപ്പെടുത്തിയത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പട്ടികവർഗ്ഗ സംവരണമാണ്. സി.പി.എമ്മിലെ പി. മനോഹരനാണ് നിലവിലെ പ്രസിഡൻറ്. മുട്ടിയേലിൽ ഉപതെരഞ്ഞെടുപ്പിന് സാധ്യത തെളിഞ്ഞാൽ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പാലക്കയം മുതുവാൻകോളനിയിലെ അംഗവുമായ ശ്യാംജിത്തിന് സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. എന്നാൽ മുട്ടിയേൽ വാർഡിൽ പണിയർ വിഭാഗത്തിൽപ്പെട്ട ആദിവാസികളാണ് കൂടുതലുള്ളത്. മുതുവാൻ വിഭാഗത്തിൽപ്പെട്ടവർ ഇല്ലാത്ത വാർഡുമാണ്, പണിയർ വിഭാഗത്തിൽപ്പെട്ട അംഗമാണ് നിലവിലെ പ്രസിഡന്റ് പി. മനോഹരൻ. മുട്ടിയേൽ വാർഡിൽ ആദിവാസി വോട്ടുകൾ നിർണായകമാണ്.

ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചില്ലെങ്കിൽ യു.ഡി.എഫിന് നിലവിലുള്ള മൂന്ന് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സ്ഥാനങ്ങളിൽ രണ്ടെണ്ണം നഷ്ടമാകും. ജയിച്ചാൽ കോൺഗ്രസിന് പഞ്ചായത്ത് ഭരണം പിടിക്കാനും കഴിയും. മണ്ഡലം പ്രസിഡന്റ് അഡ്വ. യൂനസ് സലീം, ഡി.സി.സി.സെക്രട്ടറി എം.കെ.ഹാരിസ് ബാബു, മുൻ മണ്ഡലം പ്രസിഡന്റ് നാലകത്ത് ഹൈദരലി, നിലവിലെ വൈസ് പ്രസിഡൻറുമാരായ ഇ.പി.മുരളി, തോണിയിൽ സുരേഷ്, ബെന്നി കൈതോലിൽ എന്നിവരാണ് ഒരാഴ്ച്ച മുൻപ് ആര്യാടൻ മുഹമ്മദിന്റെ വസതിയിൽ ചർച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *