ഗുഹാവാസം അവസാനിപ്പിച്ച് വിനോദ് സ്‌കൂളിലെത്തി
1 min readനിലമ്പൂര്‍: കോവിഡ് കാലത്തെ ഗുഹാവാസം അവസാനിപ്പിച്ച് ഒടുവില്‍ വിനോദ്സ് സ്‌കൂളിലെത്തി. ഇനിമുതല്‍ ആദിവാസി വിദ്യാര്‍ഥികള്‍ക്കുള്ള പോത്തുകല്ലിലെ ഹോസ്റ്റലില്‍ താമസിച്ചായിരിക്കും വിനോദ് പഠിക്കുക.
പഠനത്തിനായി പോത്തുകല്ല് ഞെട്ടിക്കുളം എ.യു.പി. സ്‌കൂളിലെ മൂന്നാം ക്ലാസിലും ചേര്‍ന്നു. പോത്തുകല്ല് ഞെട്ടിക്കുളം എ.യു.പി. സ്‌കൂളിലെ അധ്യാപകരായ ഐ.കെ. റഷീദലി, റഹ്മാന്‍ എന്നിവരുടെ ശ്രമഫലമായാണ് വിനോദിനെ സ്‌കൂളില്‍ എത്തിക്കാനായത്.
ചാലിയാര്‍ പഞ്ചായത്തിലെ വെണ്ണേക്കോട് ആദിവാസി കോളനിയിലെ കുട്ടന്‍-ലീല എന്നിവരുടെ മകനാണ് വിനോദ്. കോളനിയിലെ ബദല്‍ സ്‌കൂളിലാണ് ഒന്നും രണ്ടും ക്ലാസുകളില്‍ വിനോദ് പഠിച്ചിരുന്നത്. ഇക്കാലത്തും പലപ്പോഴും വിനോദിന്റെ കുടുംബം കക്കാടംപൊയിലിന്റെ താഴ്‌വാര പ്രദേശത്തുള്ള എട്ടാം ബ്ലോക്കിന് മുകളിലെ മാണിക്യന്‍മുടി പാറയുടെ താഴെ ഗുഹയിലാണ് (അള) താമസിച്ചിരുന്നത്.
മാതാപിതാക്കളായ കുട്ടന്റേയും ലീലയുടേയും മാതാപിതാക്കളും വനത്തിലുള്ള ഇത്തരം ഗുഹകളിലാണ് താമസിച്ചിരുന്നത്. കോളനിയില്‍ വീടുണ്ടെങ്കിലും ആ വീട്ടില്‍ താമസിക്കുന്നതിനേക്കാള്‍ ഇവര്‍ക്കിഷ്ടം ഗുഹകളില്‍ താമസിക്കുന്നതാണ്. മുമ്പ് ഈ ഗുഹയില്‍ നാല് ആദിവാസി കുടുംബങ്ങള്‍ വരെ ഒരേ സമയത്ത് താമസിച്ചിരുന്നു. വനവിഭവങ്ങള്‍ തേടി ഉള്‍വനങ്ങളില്‍ പോകുമ്പോള്‍ തിരിച്ച് വീട്ടിലെത്തുന്നത് ആഴ്ചകള്‍ കഴിഞ്ഞായിരിക്കും. ഈ സമയങ്ങളില്‍ ഇവര്‍ വനത്തിലെ ഇത്തരം ചെറുതും വലുതുമായ ഗുഹകളിലാണ് കഴിയുക. കോവിഡ് തുടക്കം മുതല്‍ വിനോദും രക്ഷിതാക്കളും അളയിലാണ് താമസിച്ചിരുന്നത്.
സ്‌കൂള്‍ തുറക്കുന്നതോടെ അധ്യാപകരായ ഐ.കെ. റഷീദലി, റഹ്മാന്‍ തുടങ്ങിയവര്‍ മുന്‍കൈ എടുത്ത് ഗുഹയില്‍ ചെന്ന് ഇവരെ നേരിട്ട് കണ്ട് സ്‌കൂളില്‍ വിടണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. പഠിക്കാനുള്ള പുസ്തകങ്ങളും വസ്ത്രങ്ങളും നല്‍കി ഹോസ്റ്റലിലും ചേര്‍ത്തപ്പോള്‍ വിനോദിനും ആശ്വാസമായി. ഇനി പഠിക്കാനായി ഒരു കൈ നോക്കാന്‍ തന്നെയാണ് വിനോദിന്റെ തീരുമാനം.