ONETV NEWS

NILAMBUR NEWS

ചാലിയാറിലെ ജനകീയ ഡോക്ടര്‍ പടിയിറങ്ങി

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

ചാലിയാർ : ചാലിയാറിലെ ജനകീയ ഡോക്ടര്‍ പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പടിയിറങ്ങി. ചാലിയാറിലെ ജനകീയ ഡോക്ടര്‍ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.എന്‍. അനൂപ് ആണ് ദേശീയ ആരോഗ്യദൗത്യം മലപ്പുറത്തിന്റെ ജില്ലാ പ്രോഗ്രാം മാനേജരായി ചുമതലയേറ്റത്.

ചാലിയാര്‍ പ്രാഥമികാരോഗ്യ കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതില്‍ ഡോ. അനൂപിന്റെ പങ്ക് വലുതാണ്. ലാളിത്യം കൊണ്ടും വിശാലമനസ്‌കത കൊണ്ടും വളരെ കുറഞ്ഞകാലയളവില്‍ തന്നെ നാട്ടുകാരുടെ മനസ്സില്‍ ഇടം തേടിയ ഡോക്ടറാണ് അനൂപ്. ജില്ലയിലെ തന്നെ ഏറ്റവും കൂടുതല്‍ ആദിവാസി കോളനികളുളള ഒരു പഞ്ചായത്താണ് ചാലിയാര്‍. ഇവിടുത്തെ 36 ഓളം ആദിവാസി കോളനികളിലെ 2600 ഓളം ആളുകള്‍ക്കുളള സേവനം എത്തിക്കുന്നതില്‍ വിജയിച്ചു എന്നതാണ് ഡോക്ടറുടെ വലിയ വിജയം. 2007-10 മുതലുളള കാലയളവില്‍ എന്‍.എച്ച്.എം. ഡോക്ടറായും 2014 മുതല്‍ ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലുമാണ് ജോലി ചെയ്തത്. 2018 ലെ പ്രളയകാലത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ ഡോക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക ക്ലിനിക്ക് തന്നെ ആരംഭിച്ചിരുന്നു. കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പിനെതിരെയുളള ക്യാമ്പയിന്‍ കേരളത്തില്‍ സജീവമായപ്പോള്‍ അതേക്കുറിച്ച് പഠിക്കുന്നതിനായി ജനീവയിലേയ്ക്ക് ലോകാരോഗ്യ സംഘടന നിയമിച്ചതില്‍ ഒരാള്‍ ഡോ. അനൂപ് ആയിരുന്നു.

കേരളത്തില്‍ നിപ ആദ്യമായി പൊട്ടിപ്പുറപ്പെട്ടപ്പോള്‍ കണ്‍ട്രോള്‍ സെല്‍ നോഡല്‍ ഓഫീസറായും പ്രവര്‍ത്തിച്ചു. ആദിവാസി കോളികളിലെ ഇടപെടലുകള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ഉള്‍ക്കാട്ടിലെ പ്രസവങ്ങള്‍, വൈദ്യസഹായം എന്നിവ നേരിട്ടെത്തി നല്‍കുകയും ആദിവാസികള്‍ ഉള്‍പ്പെടെ ഏതൊരാള്‍ക്കും എപ്പോള്‍ വേണമെങ്കിലും വിളിക്കാനും അതിനു മറുപടി പറയാനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഡോക്ടര്‍ എപ്പോഴും തയ്യാറായിരുന്നു. രോഗീ സൗഹൃദ ആശുപത്രിയായി ചാലിയാര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ മാറ്റിയെടുത്തു. രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം ആറുമണി വരെ രോഗികള്‍ക്ക് സേവനം നല്‍കാന്‍ സഹായിച്ചു. ഹൃദയ സംബന്ധമായ അസുഖമുളളവരെ ചികിത്സിക്കുന്നതിനായി ടെലി മെഡിസിന്‍ സംവിധാനം ആദ്യമായി ചാലിയാറില്‍ തുടങ്ങിയതും അനൂപാണ്. ഇത് പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ഗുണകരമായി.

ഈ കാലയളവില്‍ ദേശീയാടിസ്ഥാനത്തില്‍ രണ്ടാമത്തെ പ്രാഥമികാരോഗ്യ കേന്ദ്രം എന്ന ദേശീയാ അംഗീകാരവും കായകല്പ, ക്യാഷ് എന്നീ അംഗീകാരങ്ങളും ഈ കൊച്ചു ആതുരാലയത്തിന് ലഭിക്കുകയുണ്ടായി. വികസന കാര്യത്തില്‍ സര്‍ക്കാര്‍ , സര്‍ക്കാരിതര ഫണ്ടുകളും സംയോജിപ്പിച്ചുകൊണ്ട് കക്ഷിരാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കുവാന്‍ സാധിച്ചു. കൊറോണ കാലം ഏറെ ദുഷ്‌കരമായിരുന്നു എങ്കിലും ചാലിയാറില്‍ ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും പിടിച്ചു നിര്‍ത്താനായത് ബഹുജന പങ്കാളിത്തത്തോടെയുളള പ്രവര്‍ത്തനമായിരുന്നു. ഇതിലൂടെ 100 ശതമാനം കോവിഡ് ഒന്നാം ഡോസ് പൂര്‍ത്തീകരിക്കാനും സാധിച്ചു. 2018 ല്‍ ഡല്‍ഹിയില്‍ വെച്ചു നടന്ന 15-ാ മത് ലോക ഗ്രാമീണ ആരോഗ്യ സമ്മേളനത്തില്‍ പ്രത്യേക ക്ഷണിതാവായിരുന്നു.

2019 മുതല്‍ ദേശീയാടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഗുണനിലവാരപരിശോധനയില്‍ അംഗവുമാണ്. നിലമ്പൂര്‍ സ്വദേശിയാണ്. ഭാര്യ: ഡോ. കെ.കെ. പ്രവീണ മഞ്ചേരി മെഡിക്കല്‍ കോളേജ് രക്തബാങ്ക് വിഭാഗത്തില്‍ ജോലി ചെയ്യുന്നു. ചാലിയാറിലെ ജനങ്ങളുടെ ഹൃദയങ്ങളിൽ ഇടം തേടിയ ഡോക്ടർ ടി.എൻ.അനൂപിന് പുതിയ ദൗത്യത്തിൽ നിലമ്പൂർ ജില്ലാ ആശുപത്രിയുടെ വികസനങ്ങളിലുൾപ്പെടെ ഏറെ കാര്യങ്ങൾ ചെയ്യാനാകും.

Leave a Reply

Your email address will not be published. Required fields are marked *