നിലമ്പൂരിൽ മലബാർ ഫോറസ്റ്റ് ഹിസ്റ്ററി മ്യൂസിയം ഒരുക്കുന്നു
1 min readനിലമ്പൂർ: ലോക പ്രശസ്ത നിലമ്പൂർ തേക്കിന് വേണ്ടി മാത്രം ഒരു മ്യൂസിയം നിർമിച്ച വനം വകുപ്പ് മലബാറിൻ്റെ വനചരിത്രം രേഖപ്പെടുത്താനും പ്രദർശിപ്പി ക്കാനുമായി ഒരു മ്യൂസിയം തയ്യാറാക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഡി.എഫ് .ഒ.ഓഫീസായി പ്രവർത്തിച്ചിരുന്ന നിലമ്പൂർ ചന്തക്കുന്ന് ബംഗ്ലാവിൻ കുന്നിലെ പഴയ ഓഫീസ് കെട്ടിടവും സർക്യൂട്ട് ഹൗസും അനുബന്ധസ്ഥലവും ചേർത്താണ് മലബാറിൻ്റെ വനചരിത്രം രേഖപ്പെടുത്തുന്ന മ്യൂസിയം ഒരുക്കുന്നത്.
നിലമ്പൂർ നോർത്ത് ഡി.എഫ് .ഒ. മാർട്ടിൻ ലോവൽ നൽകിയ പദ്ധതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സർക്കാർ ആദ്യഘട്ടത്തിൽ 40 ലക്ഷം രൂപയാണ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക ൾക്കായി അനുവദിച്ചത്. എക്കോ.ടൂറിസം പദ്ധതിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക . ഇതിൻ്റെ സംസ്ഥാന തല കമ്മിറ്റിയുടെ അനുമതി കൂടി ലഭിക്കാനുണ്ട് . എന്നിരുന്നാലും ആദ്യഘട്ട പ്രവൃത്തികൾ തുടങ്ങിയതായി ഡി.എഫ്.ഒ . പറഞ്ഞു.
പഴയ ബംഗ്ലാവിന്റെ കുറേ ഭാഗങ്ങളിലെ മേൽക്കൂരകളിലെ മരങ്ങൾ നശിച്ചിട്ടുണ്ട് ഇവ മാറ്റി സ്ഥാപിക്കും . തകർന്നതോ നശിച്ചതോ ആയ വാതിലുകളും ജനലുകളും മാറ്റി പുതിയവ സ്ഥാപിക്കും. ഒന്നാം നിലയിലെ മുറികളുടെ അടിഭാഗം മരം വിരിച്ചാണ് ഉണ്ടാക്കിയിരുന്നത്. ഇത് പല സ്ഥലത്തും കേടുവന്നത് നന്നാക്കും. മ്യൂസിയം കെട്ടിടത്തിന് നിലവിലെ ചുറ്റുമതിൽ തകർന്ന സ്ഥലത്ത് കമ്പി അഴികൾ സ്ഥാപിച്ച് മതിലിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും . ഒരു കുന്നിന്റെ മുകളിലുള്ള ഈ കെട്ടിടത്തിൻ്റെ രണ്ടാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി ഒരു വാച്ച് ടവറും നിർമിക്കും . ടവറിന് മുകളിൽ കയറി നോക്കിയാൽ നിലമ്പൂർ നഗരവും ചാലിയാർ പുഴയും സമീപ പ്രദേശങ്ങളും മനോഹരമായി കാണാനാവും. നിലമ്പൂർ വനമേഖലയുടെ വില ദൃശ്യവും സഞ്ചാരികളെ ആകർഷിക്കും . നിലവിൽ ഈ ഡി.എഫ്.ഒ. ഓഫീസിനോട് ചേർന്ന് നേരത്തെ നിർമിച്ച സ്കൈവാക് പദ്ധതി കൂടുതൽ ആകർഷകമാക്കും . പരിസരത്ത് ഇരിക്കാനുള്ള സൗകര്യങ്ങളും വർധിപ്പിക്കും.
നിലമ്പൂരിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഒരു ദിവസം താമസിച്ച് സ്ഥലങ്ങൾ കാണുന്നതു സംവിധാനങ്ങളാണ് വനംവകുപ്പൊരുക്കുന്നത്. നിലമ്പൂരിലെ കനോലി പ്ളോട്ട് , തേക്ക് മ്യൂസിയം എന്നിവിടങ്ങളിൽ വലിയ തോതിലാണ് സീസൺ വക വെക്കാതെ സഞ്ചാരികളെത്തുന്നത്. ഇതോടനുബന്ധിച്ച് നെടുങ്കയം വനം , ആഡ്യൻപാറ വെള്ളച്ചാട്ടം , കോഴിപ്പാ വെള്ള ച്ചാട്ടം,കക്കാടംപായിലിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവ കോർത്തിണക്കി നിലമ്പൂരിൻ്റെ ടൂറിസം സാധ്യതകൾ വികസിപ്പിക്കുകയാണ് ലക്ഷ്യം വെക്കുന്നതെന്ന് ഡി.എഫ്.ഒ. മാർട്ടിൻ ലോവൽ പറഞ്ഞു.