നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ വന്‍ തിരക്ക്
1 min readനിലമ്പൂര്‍: കോവിഡ് ഇളവിനെ തുടര്‍ന്ന് നിലമ്പൂര്‍ മേഖലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വന്‍ തിരക്കനുഭവപ്പെട്ടു. കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി അടഞ്ഞു കിടന്നിരുന്ന മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നപ്പോള്‍ എല്ലാ കേന്ദ്രങ്ങളിലും സഞ്ചാരികളുടെ വന്‍ തിരക്കാണനുഭവപ്പെട്ടിരുന്നത്.
എല്ലാ കേന്ദ്രങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നത്. നിലമ്പൂര്‍ തേക്ക് മ്യൂസിയത്തില്‍ കഴിഞ്ഞ ഞായറാഴ്ച മാത്രം ഏകദേശം 1.10 ലക്ഷം രൂപയാണ് മൊത്തം വരുമാനമുണ്ടായത്. ടിക്കറ്റ് ഇനത്തിലും വാഹന പാര്‍ക്കിങ് ഇനത്തിലുമാണ് പ്രധാന വരുമാനം ലഭിക്കുന്നത്. നവംബര്‍ 28-ന് ഞായറാഴ്ച 1.25 ലക്ഷം രൂപയായിരുന്നു വരുമാനം. കഴിഞ്ഞ ഞായറാഴ്ച മാത്രം 1500-ലേറെ സഞ്ചാരികള്‍ തേക്ക് മ്യൂസിയം സന്ദര്‍ശിച്ചിട്ടുണ്ടാവുമെന്നാണ് ഏകദേശ കണക്ക്. 400-ലേറെ വാഹനങ്ങളും കേന്ദ്രത്തിനോട് ചേര്‍ന്നുള്ള വാഹന പാര്‍ക്കിങ് മൈതാനത്ത് എത്തിയിട്ടുണ്ട്. തിരക്ക് കൂടുതലുള്ള ദിവസങ്ങളില്‍ എത്തുന്ന സഞ്ചാരികളുടെ മുഴുവന്‍ വാഹനങ്ങളും മ്യൂസിയം കോമ്പൗണ്ടിനുള്ളില്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമില്ലാത്തതിനാല്‍ കെ.എന്‍.ജി. റോഡിനിരുവശത്തുമായാണ് കുറേയേറെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാറുള്ളത്.
സഞ്ചാരികള്‍ക്ക് ഏറെ കാഴ്ചകളൊരുക്കി തേക്ക് മ്യൂസിയം ആകര്‍ഷകമാക്കിയതിനാല്‍ സഞ്ചാരികളുടെ തിരക്കുണ്ടാവാറുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി കോവിഡ് രൂക്ഷമായിരുന്നതിനാല്‍ പാര്‍ക്ക് അടച്ചിടേണ്ടിവന്നിരുന്നു. പിന്നീട് സര്‍ക്കാര്‍ കോവിഡില്‍ ഇളവനുവദിച്ചെങ്കിലും കാലവര്‍ഷം ശക്താമയതിനാലും പ്രകൃതിദുരന്ത സാധ്യതകള്‍ മുന്നില്‍ കണ്ടതിനാലും കേന്ദ്രം വീണ്ടും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ മാസമാണ് തേക്ക് മ്യൂസിയമടക്കമുള്ള നിലമ്പൂര്‍ മേഖലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറന്നത്. അതോടെ ഏറെ നാളായി അടഞ്ഞു കിടന്നിരുന്ന കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങുകയായിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് കൂടുതല്‍ സഞ്ചാരികളെത്താറുള്ളത്. മറ്റു ദിവസങ്ങളിലും വിനോദ സഞ്ചാരികള്‍ എത്തുന്നുണ്ട്. നിലമ്പൂരിന്റെ സമീപത്തുള്ള ചാലിയാര്‍ പഞ്ചായത്തിലെ ആഢ്യന്‍പാറ ജലവിനോദ സഞ്ചാര കേന്ദ്രം, കക്കാടംപൊയില്‍ കോഴിപ്പാറ വെള്ളച്ചാട്ടം തുടങ്ങിയ കേന്ദ്രങ്ങളിലും കഴിഞ്ഞ നാളുകളിലായി സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.