അമരമ്പലം കുടുംബശ്രീയുടെ പള്‍സ് ഓക്‌സി മീറ്റര്‍ ചലഞ്ച് വന്‍ വിജയം.
1 min readപൂക്കോട്ടുംപാടം: കുടുംബശ്രീയുടെ നേതൃത്വത്തില്‍ വാങ്ങിയ 185 ഓക്‌സി മീറ്ററുകള്‍ നിലമ്പുര്‍ എം എല്‍ എ പിവി അന്‍വറിന് കൈമാറി. കഴിഞ്ഞ പ്രളയകാലത്ത് ഉള്‍പ്പെടെ നിരവധി സേവന പ്രവര്‍ത്തങ്ങള്‍ കാഴ്ച വെച്ചിട്ടുള്ള അമരമ്പലം കുടുംബ ശ്രീ രണ്ടാം കോവിഡ് തരംഗത്തെ തുടര്‍ന്ന് നടത്തിയ ഓണ്‍ ലൈന്‍ മീറ്റിംഗിലാണ് പി എച്ച് സിയില്‍ ഉള്‍പ്പെടെ പള്‍സ് ഓക്‌സി മീറ്ററിന്റെ ദൗര്‍ലഭ്യത്തെ കുറിച്ച് ചര്‍ച്ച ചെയ്തത്. ഇതേ തുടര്‍ന്ന് അംഗങ്ങള്‍ ഒറ്റക്കെട്ടായി പള്‍സ് ഓക്‌സി മീറ്റര്‍ വാങ്ങി നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു. അതാത് വാര്‍ഡില്‍ നിന്നും സ്വരൂപിക്കുന്ന തുകക്കുള്ള മീറ്റര്‍ വാര്‍ഡുകളില്‍ തന്നെ സൂക്ഷിച്ച് ആവശ്യാനുസരണം രോഗികള്‍ക്ക് എത്തിച്ച് നല്‍കുവാന്‍ ആണ് പദ്ധതി. 150 ഓക്‌സി മീറ്ററുകള്‍ നല്‍കുവാനാണ് പദ്ധതി ഇട്ടിരുന്നതെങ്കിലും കൂടുതല്‍ തുക ലഭിച്ചതിനാല്‍ 185 മീറ്ററുകള്‍ വാങ്ങുകയായിരുന്നു. കുടുംബ ശ്രീ അധ്യക്ഷ മായാ ശശികുമാര്‍ ഓക്‌സി മീറ്ററുകള്‍ പിവി അന്‍വര്‍ എം എല്‍ എ ക്ക് കൈമാറി. അമരമ്പലം കുടുബ ശ്രീയുടെ പ്രവര്‍ത്തനം മാതൃകാ പരമാണെന്ന് എം എല്‍ എ പറഞ്ഞു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ രാജു, സ്ഥിരം സമിതി അധ്യക്ഷന്‍ അബ്ദുല്‍ ഹമീദ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇല്ലിക്കല്‍ അബ്ദുള്‍ റഷീദ്, സിപിഎം ലോക്കല്‍ സെക്രട്ടറി വികെ അനന്തകൃഷ്ണന്‍, ധന്യാ പ്രദീപ് തുടങ്ങിയവര്‍ സംബന്ധിച്ചു.