വനം ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡ് തകര്‍ന്നു
1 min readനിലമ്പൂർ : നിലമ്പൂരിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ചന്തക്കുന്ന് ബംഗ്‌ളാവുംകുന്നിലേക്കുള്ള റോഡ് തകര്‍ന്ന് യാത്രായോഗ്യമല്ലാതായി. മാസങ്ങളായി റോഡ് തകര്‍ന്നാണ് കിടക്കുന്നത്.
വിനോദ സഞ്ചാരികളടക്കം നിരവധി പേര്‍ യാത്രക്കായി ഉപയോഗിക്കുന്ന റോഡാണിത്. കുണ്ടും കുഴിയും നിറഞ്ഞ റോഡ് വിനോദ സഞ്ചാരികളെ വലക്കുകയാണ് ബ്രിട്ടീഷുകാരുടെ കാലത്ത് ഡി.എഫ്.ഒ. ഓഫീസായി ഉപയോഗിച്ചിരുന്ന ബംഗ്‌ളാവും സര്‍ക്യൂട്ട് ഹൗസും ഇവിടെയാണുള്ളത്. വനം വകുപ്പ് ഇപ്പോഴിത് പ്രധാന ടൂറിസം കേന്ദ്രമായാണ് പരിഗണിച്ചിട്ടുള്ളത്. ഇവിടെ സ്‌കൈ വാക്കിനുള്ള സൗകര്യവും ഏര്‍പ്പെടുത്തി സഞ്ചാരികളില്‍ നിന്ന് നിശ്ചിത ഫീസും വാങ്ങിയാണ് കയറ്റിവിടുന്നത്. മാത്രമല്ല വനം വകുപ്പിന്റെ കീഴിലുള്ള ഒരു മീറ്റിങ് ഹാളും ഡോര്‍മെറ്ററിയും ഇതിനടുത്തായുണ്ട്. പൊതുസമ്മേളനങ്ങള്‍, യാത്രയയപ്പ് യോഗങ്ങള്‍, വിവിധ സംഘടനകളുടെ പ്രതിനിധി സമ്മേളനങ്ങള്‍, താമസിക്കാനുള്ള സൗകര്യം തുടങ്ങിയവ ഫീസ് വാങ്ങി ഇതില്‍ നടത്താറുണ്ട്. ഇങ്ങോട്ടുള്ള ആളുകളും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്.
ടാറിങ്ങെല്ലാം പൊട്ടിപ്പൊളിഞ്ഞ് ഇരുചക്രവാഹനങ്ങളക്ക് പോലും യാത്ര ചെയ്യാനാവത്ത വിധമാണ് തകര്‍ന്നിട്ടുള്ളത്. നല്ല വരുമാനമുണ്ടാക്കുന്ന കേന്ദ്രം എന്ന നിലയില്‍ ഇങ്ങോട്ടുള്ള റോഡ് തകരാര്‍ മാറ്റി ഗതാഗതയോഗ്യമാക്കണമെന്നാണ് പൊതു ആവശ്യം.