ONETV NEWS

NILAMBUR NEWS

രാജ്യം ഞെട്ടിയ ദുരന്തം: ഹെലികോപ്റ്റർ തകർന്നു വീണ് 11 മരണം

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

തമിഴ്നാട്: ഊട്ടിക്കടുത്ത് നീലഗിരി കൂനുരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു വീണ സംഭവത്തിൽ 11 മരണം സ്ഥിരീകരിച്ചു. മൃതദേഹങ്ങൾ പലതും കത്തിക്കരിഞ്ഞു പോയി.തകർന്നുവീണ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത് ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ.

തമിഴ്നാട് ഊട്ടി സുലൂർ വ്യോമകേന്ദ്രത്തിൽ നിന്നും പറന്നുയർന്ന ഹെലികോപ്ടറാണ് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ ഊട്ടിക്കും കൂനൂരിനും ഇടയിലായി അപകടത്തിൽപ്പെട്ടത്. ഊട്ടിയിലെ കൂനൂരിൽ  ജനറൽ ബിപിൻ റാവത്തിനെ കൂടാതെ അദ്ദേഹത്തിൻ്റെ പത്നി മധുലിക റാവത്ത്, സംയുക്ത സൈനിക മേധാവിയുടെ ഓഫീസ് ജീവനക്കാരും സുരക്ഷാഭടൻമാരും അടക്കം ആകെ 14 പേർ ഹെലികോപ്ടറിൽ ഉണ്ടായിരുന്നുവെന്ന് സൈന്യം സ്ഥിരീകരിച്ചു.

ബ്രിഗേഡിയർ എൽഎസ് ലിഡ്ഡെർ, ലഫ്റ്റ്. കേണൽ ഹർജിന്ദെർ സിംഗ്, നായിക് ഗുർസേവാക് സിംഗ്, നായിക് ജിതേന്ദ്രകുമാർ, ലാൻസ് നായിക് വിവേക് കുമാർ, ലാൻസ് നായിക് ബിസായ് തേജ, ഹവീൽദാർ സത്പാൽ എന്നിവരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ.
അപകടത്തിൽ എൺപത് ശതമാനത്തോളം പൊള്ളലേറ്റ രണ്ട് പേരെ നാട്ടുകാ‍ർ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് നിന്നും നാല് മൃതദേങ്ങൾ ഇതുവരെ കണ്ടെടുത്തതായി വാ‍ർത്താ ഏജൻസി അറിയിച്ചു.

വ്യോമസേനയുടെ എം.17 ഹെലികോപ്ടറാണ് അപകടത്തിൽപ്പെട്ടത്. ബിപിൻ റാവത്തിൻ്റേയോ അദ്ദേഹത്തിൻ്റെ ഭാര്യയുടേയോ നിലവിലെ ആരോഗ്യനില സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ സൈന്യം തന്നിട്ടില്ല. ബിപിൻ റാവത്തിനെ ആശുപത്രിയിലേക്ക് മാറ്റി എന്ന് ചില ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുവെങ്കിലും ഇക്കാര്യത്തിൽ ദില്ലിയിൽ നിന്നും ഔദ്യോഗിക പ്രതികരമുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്.അതേസമയം അപകടവിവരം പുറത്തു വന്നതിന് പിന്നാലെ ദില്ലിയിൽ സർക്കാർ തലത്തിൽ തിരക്കിട്ട കൂടിയാലോചനകൾ ആരംഭിച്ചതായി വാർത്തകൾ വരുന്നുണ്ട്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപകടത്തിൻ്റെ വിശദാംശങ്ങൾ ധരിപ്പിച്ചു. കേന്ദ്രമന്ത്രിസഭയുടെ അടിയന്തര യോഗം അൽപസമയത്തിനകം ദില്ലിയിൽ ചേരുന്നു. ഉദ്യോഗസ്ഥ തലത്തിൽ രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന വി.വി.ഐ.പി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിൻ റാവത്ത്. മുൻകരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുൻപാണ് കേന്ദ്രസർക്കാർ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉന്നത ഉദ്യോഗസ്ഥരെയും പോലീസ് മേധാവികളെയും സംഭവസ്ഥലത്തേക്ക് പറഞ്ഞിട്ടുണ്ട്. ചെന്നൈയിൽ നിന്നും ഉന്നത ആരോഗ്യ വകുപ്പ് മേധാവികളും ഡോക്ടർമാർ കോയമ്പത്തൂരിൽ എത്തി. രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റർ അപകടത്തിൽ അട്ടിമറി സാധ്യതകൾ ഇല്ല എന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *