ഇന്ദു ജെയിന്‍: വിടപറഞ്ഞത് രാജ്യത്തെ ശക്തയായ സംരംഭക, സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച ജീവിതം

ന്യൂഡല്‍ഹി: ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ ഇന്ദു ജെയിനിന് ആദരാഞ്ജലികളര്‍പ്പിച്ച് രാജ്യം. സംരംഭക എന്ന നിലയില്‍ സജീവമായപ്പോഴും സ്ത്രീകളുടെ അവകാശങ്ങള്‍ക്കായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായും ഉഴിഞ്ഞുവച്ച ജീവിതമായിരുന്നു അവരുടേത്. ആത്മീയാന്വേഷി, മനുഷ്യസ്‌നേഹി, കലാസ്വാദക, എന്നീ നിലകളിലും ശ്രദ്ധേയ ആയിരുന്നു അവര്‍.
1936 സെപ്റ്റംബര്‍ എട്ടിന് ഫൈസാബാദില്‍ ജനിച്ച ഇന്ദു ജെയിന്‍ 1999ല്‍ ആണ് ടൈംസ് ഗ്രൂപ്പ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത് എത്തുന്നത്. അതിനുമുമ്പ് 1983ല്‍ ഫിക്കിയുടെ വനിതാ വിഭാഗമായ എഫ്എല്‍ഒയുടെ സ്ഥാപക പ്രസിഡന്റായി. ഭര്‍ത്താവിന്റെ പിതാവ് സാഹു ശാന്തി പ്രസാദ് 1944 സ്ഥാപിച്ച ഭാരതീയ ജ്ഞാനപീഠ് ട്രസ്റ്റിന്റെ ചെയര്‍പേഴ്‌സണായും ഇന്ദു സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1999ലായിരുന്നു ഇത്. ഇന്ത്യന്‍ ഭാഷകളില്‍ സാഹിത്യം പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഒരു സ്ഥാപനമാണി
ത് .2000ത്തില്‍ സന്നദ്ധ സംഘടനയായ ടൈംസ് ഫൗണ്ടേഷന് ഇന്ദു രൂപം നല്‍കി. ചുഴലിക്കാറ്റ്, ഭൂകമ്പം, പ്രളയം തുടങ്ങിയ ദുരന്തസമയങ്ങളില്‍ സഹായധനം നല്‍കുന്ന ടൈംസ് റിലീഫ് ഫണ്ട് ഈ ഫൗണ്ടേഷനാണ് നല്‍കുന്നത്. ഇതേ വര്‍ഷം തന്നെയാണ് യുഎന്‍ മില്ലേനിയം വേള്‍ഡ് പീസ് സമ്മിറ്റിനെ ഇന്ദു ജെയിന്‍ അഭിസംബോധന ചെയ്യുന്നത്.രാജ്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ച് 2016ല്‍ ഇന്ദുവിനെ പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. 2018ല്‍ ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്‍ ലൈഫ് ടൈം കോണ്‍ട്രിബ്യൂഷന്‍ പുരസ്‌കാരത്തിനും 2019ല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരത്തിനും ഇന്ദു അര്‍ഹയായിരുന്നു.