ONETV NEWS

NILAMBUR NEWS

സംസ്ഥാനത്ത് ശക്തമായ കാറ്റും മഴയും; 13 ജില്ലകള്‍ക്ക് മുന്നറിയിപ്പ്‌

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കൊച്ചി: അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. ടോട്ടെ ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സംസ്ഥാനത്ത് പത്തനംതിട്ട ഒഴികെയുള്ള 13 ജില്ലകളിലും 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന കാറ്റിനും ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. രാവിലെ 10 മണിയ്ക്കാണ് കേരള ദുരന്ത നിവാരണ അതോറിറ്റി ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയത്. ലക്ഷദ്വീപ് മേഖലയിലും സമാന സ്ഥിതി തുടരുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇന്നു രാത്രി ടോട്ടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി ഗോവ തീരത്തേയ്ക്ക് നീങ്ങുമെന്നാണ് മുന്നറിയിപ്പുള്ളത്. കേരളവും കര്‍ണാടകയും ഗോവയും മഹാരാഷ്ട്രയും ഗുജറാത്തും ഉള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ തീരത്തോടു ചേര്‍ന്നാണ് ചുഴലിയുടെ സഞ്ചാരം. കൊച്ചി മുതല്‍ പാക്കിസ്ഥാനിലെ കറാച്ചി വരെയുളള തീരമേഖലകള്‍ക്ക് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവില്‍ ലക്ഷദ്വീപില്‍ നിന്ന് 200 കിലോമീറ്ററോളം അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. ചുഴലിക്കാറ്റിന്റെ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളും രക്ഷാപ്രവര്‍ത്തനവും വിലയിരുത്താനായി പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്.
ഇന്നലെ മാത്രം തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ചുഴലിക്കാറ്റും കനത്ത മഴയും വലിയ നാശമാണ് വിതച്ചത്. ഇടുക്കിയുടെ ഹൈറേഞ്ച് മേഖലകളില്‍ നിരവധി വീടുകളുടെ മേല്‍ക്കൂര മരം വീണു തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. എറണാകുളത്ത് ചെല്ലാനം അടക്കമുള്ള തീരമേഖലകളില്‍ നിരവധി വീടുകള്‍ കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. മത്സ്യബന്ധനത്തിനും കര്‍ശന വിലക്കുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ചെല്ലാനത്തും കണ്ണമാലിയിലും ആളുകളെ സുരക്ഷിതകേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ചെല്ലാനത്തു മാത്രം നാലു ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *