നിലമ്പൂര്‍ നഗരസഭയുടെ ഹെല്‍പ്പ് ഡസ്‌ക് പ്രവര്‍ത്തനം ജനങ്ങള്‍ക്ക് ആശ്വാസമാകുന്നു.

നിലമ്പൂര്‍: സമ്പൂര്‍ണ്ണ ലോക്ഡൗണിനെ തുടര്‍ന്നാണ് രോഗികളെയും പൊതുജനങ്ങളെയും സഹായിക്കാന്‍ നിലമ്പൂര്‍ നഗരസഭയില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചത്. കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകള്‍ക്ക് സഹായം എത്തിക്കാന്‍ കഴിഞ്ഞതായി നഗരസഭാ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കക്കാടന്‍ റഹീം പറഞ്ഞു. 33ഡിവിഷനുകളിലേയും ആര്‍.ആര്‍.ടി. ടീമിനെ കോര്‍ത്തിണക്കിയാണ് പ്രവര്‍ത്തനം. 250 അംഗങ്ങള്‍ ഹെല്‍പ്പ് ഡസക് സഹായം ജനങ്ങളില്‍ എത്തിക്കാന്‍ കര്‍മ്മനിരതരായി ഉണ്ട്. 4 ഡോക്ടര്‍മാരുടെ സഹായേത്താടെ ടെലി മെഡിസിനും വിജയകരമായി നടക്കുന്നുണ്ടെന്നും റഹീം പറഞ്ഞു. 280 ഓളം വരുന്ന പാലിയേറ്റീവ് രോഗികളുടെ പരിചരണത്തിനായി ആശാ വര്‍ക്കര്‍മാര്‍ക്ക് പരിരക്ഷാ നഴ്‌സുമാരായ ഗിരിജ, റോജ എന്നിവര്‍ നേതൃത്വം നല്‍കുന്നു. ഹെല്‍പ്പ് ഡസ്‌കിന് കീഴില്‍ വാടകയിനത്തില്‍ വാഹനങ്ങളും ലഭിക്കും. 5 ആംബുലന്‍സുകള്‍, 10 ഓട്ടോറിക്ഷകള്‍, 4 കാറുകള്‍ എന്നിവ രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനായിട്ടുണ്ട്. ആര്‍.ആര്‍.ടി.യുടെ നേതൃത്വത്തില്‍ കോവിഡ് രോഗികള്‍ക്കും മറ്റു രോഗികള്‍ക്കും മരുന്നുകള്‍ വീടുകളില്‍ എത്തിച്ചു നല്‍ക്കുന്നുണ്ട്. പി.പി.ഇ കിറ്റുകള്‍ ധരിച്ച ആര്‍.ആര്‍.ടി.അംഗങ്ങള്‍ തന്നെ കോവിഡ് രോഗികളെ ആശുപത്രിയില്‍ എത്തിക്കും. പൊതുജനങ്ങള്‍ക്ക് നഗരസഭയുടെ ഹെല്‍പ്പ് ഡസ്‌കുമായി എപ്പോഴും ബന്ധപ്പെടാവുന്നതാണെന്നും റഹീം പറഞ്ഞു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്റെ ചുമതലയില്‍ നഗരസഭാസൂപ്രണ്ട് കണ്‍വീനറായി 4 ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നു.