ONETV NEWS

NILAMBUR NEWS

പട്ടാപകൽ കടുവ കാട്ടുപന്നിയെ പിടികൂടി.

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  

കരുവാരക്കുണ്ട്: കരുവാരകുണ്ടിലെ ജനവാസ കേന്ദ്രമായ കുണ്ടോടയിൽ പട്ടാപകൽ കടുവ കാട്ടുപന്നിയെ പിടികൂടി. കുണ്ടോട എസ്റ്റേറ്റിൽ വാഴകൃഷി നടത്തുന്ന കാളികാവ് അടക്കാകുണ്ടിലെ വടക്കുംപറമ്പൻ ഹംസ, അദ്ദേഹത്തിൻ്റ് അനുജൻ സം സുദ്ദീൻ, റിയാസ് തുടങ്ങിയവരാണ് സംഭവം നേരിട്ടു കണ്ടത്.

ഞായറാഴ്ച ഉച്ചക്കു ശേഷം മൂന്നു മണിയോടെയാണ് സംഭവം നടക്കുന്നത്. കാട്ടുപന്നിയുടെ അലർച്ച കേട്ട ഭാഗത്ത് ഇവർ ചെന്നു നോക്കിയപ്പോഴാണ് കടുവ കാട്ടുപന്നിയെ കീഴ്പ്പെടുത്തി ഭക്ഷണമാക്കാൻ ശ്രമിക്കുന്നത് കാണുന്നത്. ഇവർ ശബ്ദം വെച്ചതോടെ ഇരയെ ഉപേക്ഷിച്ച് കൊക്കോ തോട്ടത്തിൽ കടുവ ഒളിക്കുകയായിരുന്നുവെന്നും കടുവക്ക് അഞ്ചടിയിലേറെ നീളമുണ്ടന്നും ഹംസ ഭീതിയോടെ പറഞ്ഞു. ഇരയുടെ അടുത്തു തന്നെ കടുവ നിലയുറപ്പിച്ചിരിക്കുകയാണ്.കടുവയെ നേരിട്ടു കണ്ടതോടെ പ്രദേശവാസികളും ഭീതിയിലാണ്. പന്നിക്ക് നൂറു കിലോയിലധികം തൂക്കം വരുമെന്നും ഹംസ പറഞ്ഞു.

ഒരാഴ്ച മുമ്പ് കരുവാരകുണ്ട് കൽകുണ്ടിൽ കടുവാ വളർത്തുനായയെ ഭക്ഷണമാക്കിയിരുന്നു. കൽകുണ്ട് ആർത്തല കോളനിയിലെ വെള്ളാരംകുന്നേൽ പ്രകാശൻറ് വളർത്തുനായയെയാണ് കടുവ വകരുത്തിയത്. കരുവാരകുണ്ട് അൽഫോൻസ് ഗിരിയിൽ മേഞ്ഞു കൊണ്ടിരുന്ന ആടുകളെ കടുവ പിടികൂടി ഇരയാക്കിയതും ഒരാഴ്ച മുമ്പാണ്. ഈ ഭാഗത്ത് ഒരു വർഷത്തിനുള്ളിൽ പതിമൂന്ന് ആടുകളെ കടുവ ഇരയാക്കിയെന്ന് കർഷകനായ ജോർജ് പന്തക്കലും വ്യക്തമാക്കി.

കടുവയെ നേരിട്ട് കണ്ടെത്തിയതോടെ മേഖലയിൽ കടുവാ ഭീതി നിലനിൽക്കുകയാണ്. കർഷകരും തൊഴിലാളികളും ഭീതിയോടെയാണ് മലയോര പ്രദേശത്തെ കൃഷിയിടങ്ങളിൽ പണിയെടുക്കുന്നതെന്നും കുട്ടികളെ വീടിന് പുറത്തു വിടാൻ വരെ ജനങ്ങൾ ഭയപ്പെടുന്നതായും കുണ്ടോട എസ്റ്റേറ്റ് സൂപ്രണ്ട് ജെയിംസ്‌ കാരി വേലി പറഞ്ഞു. കടുവയെ നേരിട്ടു കണ്ട സാഹചര്യത്തിൽ വനം വകുപ്പധികൃതർക്ക് ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറാനാകില്ലന്നും അടിയന്തിര നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കരുവാരകുണ്ടിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രമായ ബറോഡവെള്ളചാട്ട പദ്ധതി പ്രദേശത്തിന് അടുത്താണ് കടുവയെ കണ്ടത്. ഇവിടം കടുവാ സങ്കേതമായി മാറിയിരിക്കുകയാണ്. ഒഴിവു ദിവസങ്ങളിലടക്കം നിരവധി സന്ദർശകരാണ് ഇതുവഴി കടന്നു പോകുന്നത്.അപകടകാരികളായ വന്യജീവികളുടെ സങ്കേതമായി ഇവിടം മാറിയെന്നും കർഷകർ പറയുന്നു.

കൽകുണ്ട് മഞ്ഞളാം ചോല ആർത്തല ഭാഗങ്ങളിലും കടുവാ സാന്നിധ്യം നിലനിൽക്കുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് കുണ്ടോട മേഖലയിൽ മേഞ്ഞു കൊണ്ടിരുന്ന വളർത്തുപോത്തുകളെ കടുവ ഇരയാക്കിയതിൻ്റ് ഞെട്ടൽ ഇതുവരെ ജനങ്ങളിൽ മാറിയിട്ടില്ല. വിവരമറിയിച്ചതിനെ തുടർന്ന് ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിയോടു കൂടി കരുവാരക്കുണ്ട് വനം വകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങുന്നതിനു മുമ്പേ കടുവ പന്നിയെ എടുത്ത് കൊക്കോ തോട്ടത്തിലൂടെ ഓടി മറഞ്ഞു. നാട്ടുകാർക്ക് ജാഗ്രതാ നിർദേശം നൽകി വനംവകുപ്പധികൃതരും സ്ഥലം വിട്ടതായി പ്രദേശവാസികൾ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *