ONETV NEWS

NILAMBUR NEWS

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കോവിഡ് അവലോകനയോഗം

1 min read
Share this
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  •  
  • സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല

തിരുവനന്തപുരം: നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിക്കാന്‍ തീരുമാനിച്ചു. ഈ സാഹര്യത്തില്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഫണ്ടില്‍നിന്ന് 22 കോടി രൂപ ജില്ലകള്‍ക്ക് അനുവദിച്ചു.

സര്‍ക്കാര്‍ / സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന രണ്ടു വയസ്സിനു താഴെ പ്രായമുള്ള കുട്ടികളുള്ള അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, തീവ്ര രോഗബാധിതര്‍ എന്നിവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലൂടെ ജോലി ചെയ്യാം. രോഗമുള്ളവര്‍ ഡോക്ടര്‍മാരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.

വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍, ബീച്ചുകള്‍, തീം പാര്‍ക്കുകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആള്‍ക്കൂട്ടം ഉണ്ടാവുന്നില്ലെന്നും കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. ഇവിടങ്ങളില്‍ നിശ്ചിത മീറ്ററിനകത്ത് സാനിറ്റൈസര്‍ ലഭ്യമാക്കണം.

നിലവിലെ കോവിഡ് സാഹചര്യത്തില്‍ ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യവകുപ്പ് ജില്ലാ ദുരന്തനിവാരണ അതോറിറ്റികള്‍ക്ക് എല്ലാ വ്യാഴാഴ്ചകളിലും നല്‍കേണ്ടതാണ്. ഇതിനെ അടിസ്ഥാനപ്പെടുത്തി ദുരന്തനിവാരണ അതോറിറ്റി ജില്ലകളെ എ, ബി, സി എന്നിങ്ങനെ മൂന്നായി തിരിക്കും. എല്ലാ വെള്ളിയാഴ്ചകളിലും ദുരന്തനിവാരണ അതോറിറ്റി ഇത് പ്രഖ്യാപിക്കും.

എ കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത-സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 50 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്.

ബി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ.

സി കാറ്റഗറിയില്‍ സാമൂഹ്യ, സാംസ്‌കാരിക, മത, രാഷ്ട്രീയ, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള്‍ ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ ആരാധനകള്‍ ഓണ്‍ലൈന്‍ ആയി മാത്രം നടത്തേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് പരമാവധി 20 ആളുകളെ മാത്രമേ അനുവദിക്കൂ. സിനിമ തീയേറ്ററുകള്‍, സ്വിമ്മിംഗ് പൂളുകള്‍, ജിമ്മുകള്‍ എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കില്ല.

ബിരുദ-ബിരുദാനന്തര തലത്തിലെ ഫൈനല്‍ ഇയര്‍ ക്ലാസ്സുകളും, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളും ഒഴികെയുള്ള എല്ലാ ക്ലാസ്സുകളും (ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ) ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രമേ അനുവദിക്കൂ. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബയോ ബബിള്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഇത് ബാധകമല്ല.

രോഗബാധിതര്‍ കൂടുതലും വീടുകളിലാണ് എന്നതിനാല്‍ ടെലിമെഡിസിന്‍ വ്യാപകമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കും. വാര്‍ഡ്തല സമിതികള്‍ വീടുകള്‍ കേന്ദ്രീകരിച്ച് രോഗികളുടെ സൗകര്യങ്ങള്‍ ഉറപ്പാക്കും.

മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നതിന് കൃത്യമായ മാനദണ്ഡം നിശ്ചയിക്കും. റഫര്‍ ചെയ്യുന്ന ഗുരുതര രോഗാവസ്ഥയിലുള്ളവരെ മാത്രമേ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശിപ്പിക്കുകയുള്ളു.

പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍പെട്ടവര്‍ക്ക് നല്‍കുന്ന ഏഴു ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കുകയില്ല. സ്‌പെഷല്‍ സ്‌കൂളുകള്‍ അടച്ചിടേണ്ടതില്ല. അവിടെ ക്ലസ്റ്റര്‍ രൂപപ്പെട്ടാല്‍ മാത്രം അടച്ചാല്‍ മതിയാകും. സെക്രട്ടറിയേറ്റില്‍ കോവിഡ് വാര്‍ റൂം പ്രവര്‍ത്തിക്കും.

ജില്ലകളില്‍ അതത് മേഖലകളുടെ സവിശേഷ സാഹചര്യങ്ങള്‍ക്കനുസൃതമായി നിയന്ത്രണങ്ങള്‍ വരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അധികാരം നല്‍കി. ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് കലക്ടര്‍മാര്‍ക്ക് ഇക്കാര്യം തീരുമാനിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *