മലവാരത്തില്‍ കനത്ത മഴ;ചാലിയാറിലെ കൈപ്പിനി കടവില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി
1 min readചുങ്കത്തറ:മലവാരത്തില്‍ പെയ്ത കനത്ത മഴയില്‍ ചാലിയാറില്‍ വെള്ളം പൊങ്ങി കൈപ്പിനി കടവിലെ താല്‍ക്കാലിക പാലവും ഒലിച്ചുപോയി. ഇതോടെ കൈപ്പിനി, എരുമമുണ്ട,കുറുമ്പലങ്ങോട് നിവാസികളുടെ യാത്രാദുരിതം ഇരട്ടിയാവുകയാണ്.പ്രദേശവാസികള്‍ കടുത്ത യാത്രാദുരിതമാണ് കഴിഞ്ഞ രണ്ടു വര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.പ്രസ്തുത പാലം വഴി ചുങ്കത്തറയിലെത്തണമെങ്കില്‍ 10 മിനിറ്റ് മാത്രം മതിയെങ്കില്‍ ഇന്നത് ഒരു മണിക്കൂര്‍ യാത്ര വേണം. 12 കിലോമീറ്റര്‍ ചുറ്റി വളഞ്ഞ് പൂക്കോട്ടുമണ്ണ റഗുലേറ്റര്‍ കം ബ്രിഡ്ജ് വഴി വേണം ചുങ്കത്തറയിലെത്താന്‍. 2019ലെ പ്രളയം ഒരു ജനതക്ക് മേല്‍ കോറിയിട്ട ദുരിതത്തിന്റെ ബാക്കിപത്രമായിരുന്നു തകര്‍ന്ന കൈപ്പിനി പാലം. ചാലിയാറിലെ ഓള പരപ്പില്‍ ഒഴുകി നീങ്ങിയ കൈപ്പിനിപ്പാലത്തിന്റെ ചിത്രം മനുഷ്യമനസ്സുകളില്‍ ഇന്നും തീ കാററാണ്.
കൈപ്പിനി ദേശത്തെ ആയിരകണക്കണക്കിന് കുടുംബങ്ങളുടെ ചിരകാല സ്വപ്നമായിരുന്നു കൈപ്പിനി പാലം. പാലം ഒഴുകി പോയതോടെ താല്‍ക്കാലിക പാലം എന്ന ആശയം രൂപം കൊണ്ടു. തുടര്‍ന്നാണ് യാത്രാദുരിതത്തിന് പരിഹാരം തേടി ജനം ഒറ്റക്കെട്ടായി നിന്ന് ചാലിയാറിനു കുറുകെ താല്‍ക്കാലിക പാലം തീര്‍ത്തത്.
പുതിയ പാലത്തിന്റെ നിര്‍മാണം അന്തിമഘട്ടത്തിലെത്തി നില്‍ക്കെ മഴ വീണ്ടും വില്ലനാവുമോ എന്ന ആശങ്കയിലാണിവിടത്തുകാര്‍.